സൗജന്യയാത്ര 15ന് രാവിലെ 8.30 മുതൽ; സ്ത്രീകൾക്ക് 'സീറോ' ടിക്കറ്റ് നൽകും
AI image
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന പ്രിയദർശിനി പദ്ധതിക്ക് ജൂൺ 15 ന് രാവിലെ 8.30ന് തുടക്കമാകും. തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ആദ്യ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറും കണ്ടക്റ്ററും സ്ത്രീകളായിരിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും.
ആദ്യ സർവീസിൽ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും അൽപനേരം യാത്ര ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യഘട്ടത്തിൽ 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രായം, വരുമാനം എന്നിവയൊന്നും കണക്കിലെടുക്കാതെയാണ് സൗജന്യയാത്ര നൽകുന്നത്. ട്രാൻസ്ജെൻഡറുകൾക്കും പദ്ധതിയുടെ ഗുണം ലഭ്യമാകും. ചെലവുകൾ കൃത്യമായി അറിയാനായി സ്ത്രീകൾക്ക് സീറോ ടിക്കറ്റ് നൽകുമെന്നും ഓർഡിനറി ബസുകളിൽ പ്രിയദർശിനി എന്ന സ്റ്റിക്കർ പതിപ്പിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.