കളമശേരിയിലെ കഞ്ചാവ് വേട്ട; മുഖ്യപ്രതികൾ പിടിയിൽ
കൊച്ചി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് ആലുവയിൽ നിന്നും പിടിയിലായത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് കോളെജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് അറസ്റ്റിലായ ആഷിക്, ഷാലി എന്നിവർ മൊഴി നൽകിയിരുന്നു. പിന്നാലെ അന്വേഷണം വ്യാപിപ്പിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
കേസിൽ നിലവിൽ 5 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കളമശേരി പോളിടെക്നിക് കോളെജിൽ നിന്നും 2 കിലോ കഞ്ചാവും മദ്യവും പൊലീസ് പിടിച്ചെടുത്തത്. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.