സണ്ണി ജോസഫ്, വി.ഡി. സതീശൻ.
File
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ചേർന്ന ആദ്യ ഭാരവാഹിയോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതല്‍ ജനകീയരാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കെപിസിസി നേതാക്കൾക്ക് പോലും മുഖ്യമന്ത്രിയെ കാണാനാകുന്നില്ലെന്നു വടക്കൻ ജില്ലകളിൽ നിന്നുള്ള നേതാക്കൾ കുറ്റപ്പെടുത്തി. കെപിസിസി തലം മുതല്‍ താഴെത്തട്ടിലേക്ക് അടിയന്തരമായി പുനസംഘടന നടത്തണം. പുനഃസംഘടന വരും വരും എന്നു പറഞ്ഞാല്‍ പോരാ ഉടനടി വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
പിഎംശ്രീയിൽ അന്തിമ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ അറിയിച്ചു. കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രമ്യാ ഹരിദാസിനെതിരേ നടപടി വേണമെന്നും ആവശ്യമുയർന്നു.
അതേസമയം, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയകാര്യ സമിതിയിൽ സർക്കാരിനെ വിമർശിച്ചതിനാലാണ് ക്ഷണിക്കാതിരുന്നതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ചോദ്യങ്ങൾക്ക് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മറുപടി നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.