ടി.ജി. മോഹൻദാസ്

 
Kerala

വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിന് ജാമ്യം

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് തിങ്കളാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചത്

Sarath Nath MS

തിരുവനന്തപുരം: നീറ്റ് വിഷയത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശം നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന് ജാമ്യം. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് തിങ്കളാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരുതരത്തിലും ജാമ്യം അനുവദിക്കരുതെന്നും പ്രതി തെളിവുകൾ നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഒരു നോട്ടീസ് പോലും നൽകാതെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും മോഹൻദാസിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതു പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി തള്ളുകയും ചെയ്തു.

ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള വീട്ടിൽ എത്തിയാണ് മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത്. നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കിയശേഷം രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

തെളിവ് ശേഖരിക്കാനുള്ള റെയ്ഡിന്‍റെ ഭാഗമായാണ് തിരുവനന്തപുരം സൈബർ സെൽ പൊലീസ് മോഹൻദാസിന്‍റെ വീട്ടിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം മോഹൻ‌ദാസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 10 ദിവസം മുൻപാണ് മോഹൻദാസിനെതിരേ കലാപ ആഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അന്വേഷണം നടത്തുന്നത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മോഹൻ ദാസിന്‍റെ വിവാദ പരാമർശം. താനായിരുന്നെങ്കിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവയ്ക്കാൻ ഉത്തരവിടുമായിരുന്നു എന്നതടക്കമുള്ള പരാമർശം ഇയാൾ നടത്തിയിരുന്നു. കൂടാതെ ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന മറ്റൊരു പരാമർശവും നടത്തിയിരുന്നു.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിർദേശമില്ലെന്ന് കേന്ദ്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: നുണപരിശോധനയ്ക്ക് അനുമതി തേടിയ മൂന്ന് പ്രതികളുടെ ഹർജി തള്ളി

ഓഫിസിൽ ഒറ്റപ്പെടൽ; എലിവിഷം കഴിച്ച കലക്റ്ററേറ്റ് ജീവനക്കാരി മരിച്ചു

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

അഞ്ച് മയിലുകളെ യുഎന്നിന് സമ്മാനിച്ച് ഇന്ത്യ; അരിയാന ഉദ്യാനത്തിൽ വളർത്തും