കേരള ഹൈക്കോടതി file
Kerala

മുന്‍ സർക്കാർ അഭിഭാഷകനെതിരായ ബലാത്സംഗക്കേസ്: ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി

മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വീണ്ടും വാദം കേൾക്കും.

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻ സർക്കാർ പ്ലീഡർ പി.ജി. മനുവിനെതിരായ ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. അതിജീവിതയുടെ ശാരീരിക, മാനസിക അവസ്ഥ സംബന്ധിച്ച് ഡോക്റ്റർമാരുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.

അതിജീവിതയുടെ നിലവിലെ സ്ഥിതി മനസിലാക്കാൻ മുതിർന്ന വനിതാ അഭിഭാഷകയെ അയയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അതിജീവിതയുടെ അഭിഭാഷകനോട് ഹൈക്കോടതി മറുപടി തേടി. മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വീണ്ടും വാദം കേൾക്കും. നിലവിലെ സാഹചര്യത്തിൽ അടച്ചിട്ട കോടതിയിൽ വാദം കേൾക്കേണ്ടതില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയായ ഹൈക്കോടതി സീനിയർ സർക്കാർ അഭിഭാഷകൻ പി.ജി. മനുവിനെ പുറത്താക്കിയിരുന്നു. ചോറ്റാനിക്കര പൊലീസ് കേസെടുത്തതിനു പിന്നാലെ അഡ്വക്കറ്റ് ജനറൽ രാജി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ബലാത്സഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് മനുവിനോട് രാജി ആവശ്യപ്പെട്ടത്. സർക്കാരിനു വേണ്ടി നിരവധി ക്രിമിനൽ കേസുകളിൽ ഹാജരായ വ്യക്തിയിൽ നിന്ന് ഒരു തരത്തിലും സംഭവിക്കാൻ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും എജി ഓഫിസ് വിലയിരുത്തി.

2018ൽ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ലൈംഗികാതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിർദേശപ്രകാരം സർക്കാർ അഭിഭാഷകനായ മനുവിനെ സമീപിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇക്കഴിഞ്ഞ ഒക്റ്റോബർ 9ന് അഭിഭാഷകന്‍റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോൾ തന്നെ കടന്നുപിടിച്ചു മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്‍റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടൊ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സാപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍