തിരുവനന്തപുരം: സർക്കാരുമായി സഹകരിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനെ(ഡിഎച്ച്എസ്) സ്ഥാനത്തുനിന്നും മാറ്റിയത് അതിനാണെന്നും അദ്ദേഹം പറഞ്ഞു.
നിപ പരിശോധനാ ഫലം ലഭിച്ചിട്ടും അത് ഔദ്യോഗികമായി തന്നെ അറിയിക്കുന്നതിൽ ഡിഎച്ച്എസ് വീഴ്ച വരുത്തി. ആശയവിനിമയത്തിൽ ബോധപൂർവമായ തടസങ്ങൾ സൃഷ്ടിച്ചു. ചിലർ തൊരപ്പൻ പണി കാണിച്ചു. അത്തരക്കാരെ പിടിക്കും. നിപ പരിശോധനാ ഫലം പോസിറ്റീവാണെന്ന വിവരം തനിക്ക് ലഭിക്കുന്നതിന് മുൻപേ കോഴിക്കോട്ടെ മാധ്യമപ്രവർത്തകർ അറിഞ്ഞിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ ഫലം വന്നിട്ടും അന്നത്തെ ഡിഎച്ച്എസ് ഇക്കാര്യം മന്ത്രിയെ അറിയിച്ചില്ല. പത്രസമ്മേളനം നടത്തുന്ന അഞ്ചര മണി വരെ ഔദ്യോഗിക വിവരം ലഭിച്ചില്ല. സർക്കാരുമായി പൂർണമായി സഹകരിക്കാത്ത ഡിഎച്ച്എസിനെ തങ്ങൾക്ക് ആവശ്യമില്ലാത്തതിനാലാണ് അച്ചടക്ക നടപടിയെടുത്തത്.
മന്ത്രി തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നതിനെതിരെയുള്ള പ്രതിപക്ഷ നേതാവിന്‍റെ വിമർശനങ്ങളെ അദ്ദേഹം തള്ളി. എപ്പോഴും കോഴിക്കോട് എത്താൻ തനിക്ക് ബുദ്ധിമുട്ടില്ലെന്നും വന്ദേ ഭാരത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ എത്താൻ സാധിക്കും. അമെരിക്ക വരെ പോകുന്ന ദൂരമൊന്നും ഇല്ലല്ലോയെന്നും അമെരിക്കയിലിരുന്ന മന്ത്രിസഭാ യോഗം നടത്തിയ ആളാണ് ഇത് പറയുന്നതെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന് വിചാരിച്ചാൽ അതൊന്നും നടപ്പില്ല. നിപ്പ ബാധിതനായ രോഗിയുടെ ജീവൻ നിലനിർത്താനുള്ള വലിയ പോരാട്ടമാണ് ഡോക്ടർമാർ നടത്തുന്നതെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി വകുപ്പിനെ തകർക്കാൻ ശ്രമിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.