വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം
കൊച്ചി: തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണ്. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും, സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും, രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി താക്കീത് നൽകി. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്.
24 വയസുള്ള ഒരു പെണ്‍കുട്ടി മത്സരിക്കാൻ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങളെന്നും കോടതി ചോദിച്ചു.വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎം നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. വോട്ടര്‍ പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, കോര്‍പ്പറേഷന് ഇതിൽ എന്ത് കാര്യമെന്ന് ഹൈക്കോടതി ചോദിച്ചു. കോര്‍പ്പറേഷൻ അനാവശ്യമായി ഇതിൽ ഇടപെടരുതെന്നും കോടതി ശാസിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.