"ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?? നിന്ദാപരമായി എന്താണിതിൽ ഉള്ളത്"; ഹൈക്കോടതി
കൊച്ചി: സുരേഷ് ഗോപി നായകനായ പ്രവീണ്‍ നാരായണന്‍ ചിത്രം 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിന്‍റെ പേര് വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. എന്തുകൊണ്ട് 'ജാനകി' എന്ന പേരിനെ എതിര്‍ക്കുന്നുവെന്നതിന് മറുപടി നല്‍കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലമായി നല്‍കാനും ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ സിംഗിൾ ബെഞ്ച് നിര്‍ദേശിച്ചു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും.
ഒരു സിനിമയക്ക് ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെൻസർ ബോർഡാണോ കൽപ്പിക്കുക എന്ന് കോടതി ചോദിച്ചു. "ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നത്. നിരവധി സിനിമകളുടെ പേരുകള്‍ക്ക് മതപരമായ ബന്ധമുണ്ട്. അഹമ്മജ്, രാമൻ, കൃഷ്ണൻ എന്നൊക്കെ മതപരമായ പേരുകളുളള ഒരുപാടുപേർ രാജ്യത്തില്ലേ. സംവിധായകരോടും അഭിനേതാക്കളോടും സൃഷ്ടികളില്‍ മാറ്റം വരുത്താനാണോ ബോഡ് ആവശ്യപ്പെടുന്നത്. ഈ പേരില്‍ നിന്ദാപരമായ എന്താണുള്ളത്"- കോടതി ചോദിച്ചു.
ഇതോടെ, കോടതി സിനിമ കാണണമെന്നും ജാനകി എന്ന കഥാപാത്രം ഒരു റേപ് വിക്ടിം ആണെന്ന് ഹർജിക്കാരൻ വാദിച്ചു. "ജാനകി എന്ന കഥാപാത്രം സിനിമയില്‍ പ്രതിയുടെ പേരല്ലല്ലോ. പ്രതിയുടെ പേരായിരുന്നെങ്കില്‍ എതിര്‍പ്പ് മനസിലാക്കാമായിരുന്നു. ഇവിടെ നീതിക്കുവേണ്ടി പോരാടുന്ന നായികയാണ് ജാനകി" എന്ന് കോടതി നിരീക്ഷിച്ചു. ഹർജിയിലെ നടപടികൾ അനന്തമായി നീട്ടാനാകില്ലെന്ന് അറിയിച്ച കോടതി, കൃത്യമായ മറുപടി സത്യവാങ്മൂലമായി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.