Representative Image 
Kerala

മാതൃത്വത്തിന്‍റെ പേരിൽ സ്ത്രീകൾ തൊഴിൽ മേഖലയിൽ പിന്നിലാവുന്നത് ലിംഗവിവേചനം; ഹൈക്കോടതി

മാതൃത്വം കാരണം സ്ത്രീ പലതിലും പിന്നിലാവുന്നത് ലിംഗവിവേചനമാണ്

കൊച്ചി: അമ്മയാവുക എന്നത് തെറ്റല്ലെന്നും ഗർഭധാരണമോ മാതൃത്വമോ ഒരു സ്ത്രീയുടെ ജോലിക്കായുള്ള അഭിലാഷത്തിന് തടസമാവരുതെന്നും ഹൈക്കോടതി നിരീക്ഷണം. സാഹചര്യത്തിനനുസൃതമായും യാഥാർഥ്യ ബോധത്തോടെയുമാവണം ലിംഗസമത്വം നടപ്പാക്കേണ്ടെതെന്ന ഹൈക്കോടതി നിരീക്ഷിച്ചു.

റേഡിയോ ഡയഗ്നോസിസ് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, മറ്റേണിറ്റി അവധിയില്‍ ആയതിനാല്‍ നിശ്ചിത യോഗ്യതയായ ഒരു വര്‍ഷ പ്രവൃത്തിപരിചയം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി നിരീക്ഷണം. കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ പുരുഷനും സ്ത്രീയും പങ്കാളികളാണെങ്കിലും പുരുഷന് ഗര്‍ഭധാരണത്തിന്‍റെ ഭാരമില്ല. അതുകൊണ്ടുതന്നെ നിയമനങ്ങളിലടക്കമുള്ളവയിൽ സ്ത്രീയേക്കാള്‍ പുരുഷന്മാർ‌ മുന്നിലെത്താനാവുന്നത്. ഗര്‍ഭധാരണം, പ്രസവം എന്നിവയൊക്കെ സ്ത്രീയെ പിന്നിലാക്കുന്ന അവസ്ഥയുണ്ടെന്ന് കോടതി പറഞ്ഞു.

മാതൃത്വം കാരണം സ്ത്രീ പലതിലും പിന്നിലാവുന്നത് ലിംഗവിവേചനമാണ്. ലിംഗ സമത്വം പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാതൃത്വം സർക്കാർ ജോലിയെന്ന സ്ത്രീയുടെ അഭിലാഷത്തെ ഹനിക്കുന്ന സാഹചര്യം ഇല്ലാതാക്കണം. ഇതിനുതകുന്ന നിയമവും ചട്ടവും നടപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രസവ അവധിയിലായതിനാൽ നിശ്ചിത യോഗ്യതയായ ഒരു വർഷം പ്രവർത്തി പരിചയം നേടാനായില്ലെന്നുകാട്ടി കോഴിക്കോട് സ്വദേശി ഡോ. ആതിരയും കൊല്ലം സ്വദേശി ആര്യയുമാണ് ഹർജി സമർപ്പിച്ചത്. എഴുത്തു പരീക്ഷ ആവുമ്പോഴേയ്ക്കും നിശ്ചിത പ്രവൃത്തി പരിചയം നേടാമെന്നു കാട്ടി ആരോഗ്യ വകുപ്പിനെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. തുടര്‍ന്ന് അഡ്മിനസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും പിഎസ് സി നിര്‍ദേശിക്കുന്ന സമയത്തില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയില്‍, തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അനുമതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു