ട്രീസ

 
Kerala

ഡൽഹി പൊലീസാണെന്ന് വിഡിയോ കോൾ; വീട്ടമ്മയ്ക്ക് നഷ്ടമായത് 40,000 രൂപ

മേലൂര്‍ സ്വദേശി തെക്കന്‍ ദേവസിയുടെ ഭാര്യ ട്രീസയെയാണ് മുറിയില്‍ തടവിലാക്കി 40,000 രൂപ തട്ടിയെടുത്തത്

തൃശൂർ: ചാലക്കുടി,മേലൂരില്‍ വിഡിയോ കോള്‍ വഴി വീട്ടമ്മയെ ഒന്നര ദിവസം വീട്ടിനുള്ളില്‍ ബന്ദിയാക്കി പണം കവര്‍ന്നതായി പരാതി. മേലൂര്‍ സ്വദേശി തെക്കന്‍ ദേവസിയുടെ ഭാര്യ ട്രീസയെയാണ് മുറിയില്‍ തടവിലാക്കി 40,000 രൂപ തട്ടിയെടുത്തത്. സന്ദീപ് എന്ന വ്യക്തി നിങ്ങളുടെ പേരില്‍ ഐഡിയ മൊബൈല്‍ നമ്പര്‍ എടുത്തിട്ടുണ്ടെന്നും അയാള്‍ പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ പണം തട്ടിയെടുക്കുന്നുണ്ടെന്നും മൊബൈല്‍ നമ്പര്‍ നിങ്ങളുടെ പേരിലായത്തിനാല്‍ നിങ്ങളും പ്രതിയാക്കുമെന്നും ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പണം കവര്‍ന്നത്.

ഇയാള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതായും ഡല്‍ഹി പൊലീസാണെന്നും നിങ്ങളെ ഞങ്ങള്‍ സഹായിക്കാമെന്നും പറഞ്ഞ് ഞായറാഴ്ച ആരംഭിച്ച വിഡിയോ കോണ്‍ഫ്രന്‍സ് കോള്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലര വരെ തുടരുകയായിരുന്നു. ഐഡിയ കമ്പനിയിലെ ഉദ‍്യോഗസ്ഥയാണെന്ന് പറഞ്ഞ് ആദ്യം ഒരു സ്ത്രീയാണ് കോള്‍ തുടങ്ങിയതെന്ന് പറയുന്നു.പൊലീസിന്‍റെ വേഷത്തില്‍ ഹിന്ദിയിലായിരുന്നു സംഭാഷണം. തട്ടിപ്പിനിരയായ വീട്ടമ്മക്ക് ഹിന്ദി ഭാഷ അറിയാമായിരുന്നതിനാല്‍ ഇവരുമായി ഹിന്ദിയിലായിരുന്നു സംസാരിച്ചത്.

എസ്‌ഐ സുനില്‍ ചോപ്രയെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ ചെയ്തിരുന്നത്. നിങ്ങളുടെ പണം മുഴുവൻ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റണമെന്നും അല്ലെങ്കില്‍ മുഴുവന്‍ പണം നഷ്ടപ്പെടുമെന്നും ഇവര്‍ പറഞ്ഞത്തിനെ തുടര്‍ന്ന് വീട്ടമ്മ തിങ്കളാഴ്ച ബാങ്കില്‍ ചെന്ന് രണ്ടര ലക്ഷം രൂപ ട്രാന്‍സഫര്‍ ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും ഇത്രയും വലിയ തുക അയക്കുവാന്‍ പറ്റില്ലെന്നും മതിയായ മറ്റു രേഖകള്‍ വേണമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞപ്പോള്‍ വീട്ടിലേക്ക് തിരിച്ചെത്തിയ വീട്ടമ്മയെ കൊണ്ട് പല യുപിഐ നമ്പറുകളിലേക്കായി 40,000 രൂപ അയപ്പിച്ചു കൊണ്ട് പണം തട്ടിയെടുക്കുകയായിരുന്നു.

ആദ്യമൊന്നും ഇവര്‍ തട്ടിപ്പുകാരായി തോന്നിയില്ലെന്നും പണം പല പേരില്ലാത്ത നമ്പറുകളിലേക്ക് അയച്ചപ്പോഴാണ് സംശയം തുടങ്ങിയതെന്ന് വീട്ടമ്മ പറഞ്ഞു. പണം കിട്ടിയ ശേഷം വിഡിയോ കോള്‍ അവസാനിപ്പിക്കുകയും മെസേജ് അയച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞതായി വീട്ടമ്മ പറയുന്നു. സംശയം തോന്നിയത്തിനെ തുടര്‍ന്നാണ് കൂടെ താമസിക്കുന്ന ബന്ധുവിനോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. തുടര്‍ന്ന് സൈബര്‍ പൊലീസിനും കൊരട്ടി പൊലീസിലും പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ രണ്ട് മക്കളും വിദേശത്താണ് ഇവരും ബന്ധവും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവങ്ങളൊന്നും ആരോടും പറയരുതെന്ന് പറഞ്ഞായിരുന്നു പൊലീസ് വേഷത്തിലുള്ള തട്ടിപ്പ്. ഒന്നര ദിവസം തുടര്‍ന്നപ്പോഴേക്കും അവശയാണെന്ന് പറഞ്ഞ് കോള്‍ അവസാനിപ്പിച്ചു.

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്