തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാൻ 10 മിഷനുകള്‍ക്ക് രൂപം നല്‍കി വനം വകുപ്പ് ഉന്നതതല യോഗം. കാടു പിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകള്‍ക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കുന്നതിനും ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത യോഗം തീരുമാനിച്ചു.
വനത്തിലൂടെ കടന്നു പോകുന്ന റോഡുകള്‍ക്കിരുവശവും അടിക്കാടുകള്‍ വെട്ടിതെളിച്ചു വിസ്ത ക്ലീയറന്‍സ് നടത്തുന്നതിന് നിര്‍ദേശം നല്‍കി. ജനവാസ മേഖലകള്‍ക്ക് അരുകില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയല്‍ ടൈം മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തും. 28 റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ക്ക് ആധുനിക ഉപകാരങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് അടിയന്തര തുടര്‍ നടപടി. വനങ്ങളിലൂടെ കടന്നുപോകുന്ന പാതകളില്‍ രാത്രിയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും.
സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലെയും ആനത്താരകള്‍, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍ എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കുകയും വന്യമൃഗങ്ങളുടെ നീക്കം മുന്‍ കൂട്ടിയറിഞ്ഞ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും. ഈ പദ്ധതിയുടെ നോഡല്‍ ഓഫിസറായി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റർ മനു സത്യനെ നിയമിച്ചു.
മനുഷ്യ - വന്യജീവി സംഘര്‍ഷ പ്രശ്‌നങ്ങളില്‍ സമയ ബന്ധിത ഇടപെടല്‍ ഉറപ്പു വരുത്താൻ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. ആര്‍ആര്‍ടികള്‍ സംഘര്‍ഷ പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതിനു മുന്‍പ് തന്നെ ഈ ടീമുകള്‍ പ്രദേശത്ത് അടിയന്തിരമായി എത്തിച്ചേരുകയും പ്രശ്‌നപരിഹാരത്തിനാവശ്യമായ പ്രാഥമിക നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശില്പ വി. കുമാറിനായിരിക്കും ഈ മിഷന്‍റെ ചുമതല. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ സുനില്‍ സഹദേവന്‍ (സതേണ്‍ റീജ്യണ്‍), ജോണ്‍ മാത്യു (സെന്‍ട്രല്‍), ശിവപ്രസാദ് (ഈസ്റ്റേണ്‍), വി. രതീശന്‍ (നോര്‍ത്തേണ്‍) എന്നിവരെ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വന്യമൃഗങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍, സംഘര്‍ഷത്തിന് കാരണമാകുന്ന മറ്റ് വിവിധ കാരണങ്ങള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്താൻ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി. ഉമയ്ക്കാണ് ചുമതല .
വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഒഴിവാക്കാനും, അവയ്ക്ക് ആവശ്യമായ ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളില്‍ തന്നെ ഉറപ്പുവരുത്താനും മിഷന്‍ ഫുഡ്, ഫോഡര്‍ ആൻഡ് വാട്ടര്‍ പദ്ധതി വനം വകുപ്പ് ആരംഭിക്കും. ഇതിന്‍റെ നോഡല്‍ ഓഫീസറായി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്കുമാറിനെ നിയമിച്ചു.
നാടന്‍ കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കുന്നതിന്‍റെ ചുമതല ഫോറസ്റ്റ് വെറ്റിനറി ഓഫീസറായ ഡോ. അരുണ്‍ സക്കറിയയ്ക്കാണ്. കാട്ടുപന്നിയുടെ ശല്യം വ്യാപകമായ പഞ്ചായത്തുകളില്‍ ഷൂട്ടേഴ്‌സിന് സാങ്കേതിക സഹായം ലഭ്യമാകും. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാലിന് ഇതിന്‍റെ ചുമതല നിര്‍വഹിക്കും.
പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂര്‍ണ്ണമായി ഇല്ലാതാക്കവാന്‍ വകുപ്പ് സജ്ജമാണ്. ആന്‍റിവെനം ഉല്പാദനവും വിതരണവും ശക്തമാക്കുവാനും ജനങ്ങളില്‍ ബോധവത്കരണം ശക്തമാക്കാനും തീരുമാനിച്ചു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് അന്‍വറിനാണ് ഇതിന്‍റെ ചുമതല.