വിഎസ് ഇനി ജ്വലിക്കുന്ന ഓർമ
സ്വന്തം ലേഖിക
ആലപ്പുഴ: കാത് കൂർപ്പിച്ചാൽ കേൾക്കാവുന്ന ദൂരത്തിൽ കടൽ ഇരമ്പിയാർത്തു. വിതുമ്പലിനു വഴി മാറിയ വിപ്ലവ മുദ്രാവാക്യങ്ങൾ അതിനു മീതേ അലയടിച്ചു. കേരള രാഷ്ട്രീയത്തിലെ ഒരധ്യായം ജ്വലിക്കുന്ന ഭൂതകാലമായി. ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച പ്രസംഗങ്ങൾ കടലിരമ്പങ്ങളിൽ ഒരാവർത്തി കൂടി തുടിച്ചു നിന്നു, പിന്നെയെല്ലാം നിശബ്ദമായി. വിഎസ് അച്യുതാനന്ദൻ ചെങ്കൊടി പുതച്ച് അനശ്വരതയിൽ ലയിച്ചു....
പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ തോരാ മഴയിലും നിറഞ്ഞു നിന്ന മുദ്രാവാക്യങ്ങളെയും തടിച്ചു കൂടിയ അണികളെയും സാക്ഷിയാക്കി മകൻ അരുൺ കുമാർ വിഎസിന്‍റെ ചിതയ്ക്ക് തീ കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ വലിയ ചുടുകാട്ടിൽ വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയിരുന്നു. പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിലും, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഒരുക്കിയിരുന്നു.
ജനക്കൂട്ടം ഒഴുകിയെത്തിയതിനാൽ സംസ്കാരം നീളുകയാണ്. പൊതുദർശനം അവസാനിപ്പിച്ച് പൊലീസിന്‍റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം മൃതദേഹം വലിയ ചുടുകാട്ടിലേക്ക് കൊണ്ടു പോയി. നൂറു കണക്കിന് പേരാണ് വിലാപയാത്രയിൽ പങ്കാളികളായത്.
മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ സംസ്കാരത്തിന് സാക്ഷിയാകുന്നതിനായി വലിയ ചുടുകാട്ടിൽ എത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ വലിയ സുരക്ഷയാണ് പൊലീസ് ഉറപ്പാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ചുടുകാട്ടിലേക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്.