സുകാന്ത് സുരേഷ്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കുറ്റാരോപിതനായ ആൺസുഹൃത്ത് സുകാന്ത് സുരേഷ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തിയാണ് സുകാന്ത് ഹർജി നൽകിയിരിക്കുന്നത്.
തങ്ങൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നവരാണെന്നും, വീട്ടുകാർ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തതാണെന്നും സുകാന്ത് കോടതിയിൽ നൽകിയ ഹർജിയിലുണ്ട്. വീട്ടുകാർ കല്യാണത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ജ്യോത്സ്യനുമായി അഭിപ്രായം തേടിയ യുവതിയുടെ വീട്ടുകാർ സുകാന്തുമായുളള ബന്ധം തുടരുന്നതിനെ രൂക്ഷമായി എത്തിർത്തിരുന്നുവെന്നും സുകാന്ത് പറഞ്ഞു.
വൈകാരികമായും മാനസികമായും ഏറെ അടുപ്പത്തിലായിരുന്നു തങ്ങളെന്നാണ് സുകാന്ത് അവകാശപ്പെടുന്നത്. എന്നാൽ സുകാന്തിന്‍റെ വാദം തളളി യുവതിയുടെ പിതാവ് രംഗത്തെത്തിയിരിക്കുകയാണ്.
വീട്ടുകാരുടെ എതിർപ്പിൽ പെൺകുട്ടി നിരാശയിലായിരുന്നു എന്നാണ് സുകാന്ത് പറയുന്നത്. എന്നാൽ, ബന്ധം തുടരാൻ തീരുമാനിച്ച് ഇരുവരും നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിരുന്നുവെന്നും സുകാന്ത്.
പെൺകുട്ടി ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന്‍റെ കാരണം മാതാപിതാക്കളുടെ സമ്മർദവും വിഷമവുമാണെന്നും സുകാന്ത് ആരോപിക്കുന്നു.