Idukki Power Station
ഇടുക്കി: ഇടുക്കി വൈദ്യുതിനിലയം ചൊവ്വാഴ്ച മുതൽ ഒരു മാസം അടച്ചിടും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താൽക്കാലികമായി പ്രവർത്തനം നിർത്തുന്നത്. നവംബർ 11 മുതൽ ഡിസംബർ പത്തുവരെയുളള കാലയളവിലാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്.
ആകെയുളളത് ആറ് ജനറേറ്ററിൽ മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുന്നത്. വൈദ്യുതി നിലയം അടക്കുന്നതോടെ ഭാഗികമായെങ്കിലും വൈദ്യുതി ഉൽപാദിപ്പിക്കാൻ ആകുമോയെന്ന സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്.
ഇതോടെ, സംസ്ഥാനത്ത് ഒരു മാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാകും ഉണ്ടാവുക. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൾവിന്‍റ സീലുകൾ തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുകയാണ് പ്രധാനമായും ചെയ്യുക. ഇവയ്ക്കൊപ്പമാണ് നാലാമത്തെ ജനറേറ്ററിന്‍റെ പ്രവർത്തനം നടക്കുന്നത്. അതിനാൽ അതിന്‍റെ പ്രവർത്തനവും നിർത്തും. സാധാരണ ജൂലൈ മുതൽ ഡിസംബർ വരെയുളള മഴ കുറവുളള സമയത്ത് ഓരോ ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി നടത്തുകയാണ് രീതി.
എന്നാൽ ഇക്കുറി കനത്ത മഴ കിട്ടി. വൈദ്യുത ഉൽപ്പാദനവും കൂടി. ഇതോടെയാണ് അറ്റകുറ്റപണി വൈകിയത്. ഉൽപാദനം കൂടിയ മാസങ്ങളിൽ പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ബാർട്ടർ സംവിധാനത്തിൽ വൈദ്യുതി നൽകിയിരുന്നു. ഇത് അഞ്ച് ശതമാനം അധിക വൈദ്യുതിയോടെ അടച്ചിടൽ കാലയളവിൽ തിരികെ കിട്ടുമെന്നതിനാൽ വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ല. എന്നാൽ മലങ്കര ജലാശയത്തിലേക്ക് വെളളമെത്തില്ലെന്ന കാരണത്താൽ നിരവധി കുടിവെളള പദ്ധതികൾ പ്രതിസന്ധിയിലാകുമെന്നും ആശങ്കയുണ്ട്. എന്നാൽ വലിയ രീതിയിൽ ജലനിരപ്പ് താഴാൻ സാധ്യതയില്ല എന്നാണ് വിലയിരുത്തൽ