അനധികൃത മരുന്നുകടത്ത്; നെടുമ്പാശേരിയില്‍ രണ്ടുപേര്‍ പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി മരുന്ന് കടത്തിയ മാലദ്വീപ് സ്വദേശികള്‍ പിടിയില്‍. അഞ്ചുലക്ഷം വരെ വിലയുള്ള മരുന്നുകൾ കടത്താൻ ശ്രമിച്ച ഇവരെ കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സിന്‍റെ യൂണിറ്റ് പിടികൂടുകയായിരുന്നു.
അഞ്ച് പെട്ടികളിലായാണ് ഇവര്‍ മരുന്ന് കടത്താന്‍ ശ്രമിച്ചത്. മരുന്ന് സൂക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശം ഇല്ലായിരുന്നു. സംസ്ഥാനത്തുനിന്നും മരുന്ന് എത്തിച്ച് മാലദ്വീപില്‍ വിൽപ്പന നടത്തുന്നതിന്‍റെ ഭാഗമായാണ് കടത്ത് എന്നാണ് കസ്റ്റംസ് ഇന്‍റലിജന്‍സിന്‍റെ പ്രാഥമിക നിഗമനം.
നിരോധിത മരുന്നുകളും മയക്കുമരുന്നായി ഉപയോഗിക്കാന്‍ പറ്റിയ മരുന്നുകളും പിടികൂടിയ കുട്ടത്തില്‍ ഉണ്ടോയെന്നും പരിശോധന നടത്തും. പിടിയിലായവര്‍ക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്നതുള്‍പ്പടെ അന്വേഷണത്തിന്‍റെ ഭാഗമാകും.