കർഷകരുടെ പ്രശ്നങ്ങൾക്ക് തണലായി നൂതന അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ്പ് ശില്പശാല

 
Kerala

കർഷകരുടെ പ്രശ്നങ്ങൾക്ക് തണലായി നൂതന അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ്പ് ശില്പശാല

കേരള സ്റ്റാർട്ടപ്പ് മിഷൻ ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

Local Desk

കോട്ടയം: കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള നൂതന ശ്രമത്തിന്‍റെ ഭാഗമായി കോട്ടയത്ത് നടന്ന അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ്പ് പ്രശ്ന നിർണയ ശില്പശാല, വിഷയത്തിന്‍റെ വൈവിധ്യം കൊണ്ടും ആധികാരികത കൊണ്ടും സമ്പന്നമായി. കേരള സ്റ്റാർട്ടപ്പ് മിഷൻ ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അവരവരുടെ നവീന ആശയങ്ങൾ സഭയിൽ വിശദീകരിച്ചു.

കർഷകർ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ ഒരു ഏകീകൃത ഡിജിറ്റൽ ശേഖരത്തിൽ സൂക്ഷിക്കുവാനും, ഈ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത് നിലവിലുള്ള സ്റ്റാർട്ടപ്പുകളെക്കൊണ്ട് പരിഹാരം കാണുവാനുമായിരുന്നു ശില്പശാലയുടെ പ്രധാന ലക്ഷ്യം. സംരംഭകർക്കും ഗവേഷകർക്കും അവരുടെ നൂതന ആശയങ്ങളും, സാങ്കേതിക പരിഹാരങ്ങളും രൂപകൽപന ചെയ്യുന്നതിനുള്ള അടിസ്ഥാന ഡാറ്റയായി ഭാവിയിൽ ഉപയോഗപ്പെടുന്ന തരത്തിലാണ് ഈ ശേഖരം സൂക്ഷിക്കുക. കേര പദ്ധതിയിലെ അഗ്രി ടെക്ക് സ്റ്റാർട്ടപ്പ് വിഭാഗത്തിലുൾപ്പെടുത്തിയാണ് ഡേറ്റ ശേഖരം തയ്യാറാക്കുക. അവരവർ നേരിടുന്ന വന്യ ജീവി ആക്രമണം, കാർഷികോൽപ്പന്ന സംഭരണ പ്രശ്നങ്ങൾ, കാർഷിക വിളകളുടെ സംസ്കരണവും മൂല്യവർധനവും, വിപണന പ്രശ്നങ്ങൾ, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ കൃഷി നേരിടുന്ന പ്രശ്നങ്ങൾ, തൊഴിലാളി ക്ഷാമം, കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ, കീടരോഗ നിർണയം തുടങ്ങിയ പ്രധാന പ്രശ്നങ്ങളാണ് ശില്പശാലയിൽ പങ്കെടുത്ത കർഷക പ്രതിനിധികൾ പ്രധാനമായും ഉന്നയിച്ചത്.

ചർച്ചയിലുയർന്നു വന്ന തെരഞ്ഞെടുത്ത പ്രശ്ന-പരിഹാരങ്ങൾക്ക് അനുയോജ്യമായ നൂതന ആശയങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് സമർപ്പിക്കാവുന്നതാണ്. മികച്ച ആശയങ്ങൾ സാങ്കേതികത്തികവോടെ പരിഹൃതമാക്കുന്നതിനായി കേര പദ്ധതിയിലുൾപ്പെടുത്തി കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി ഫണ്ടിംഗ് ഉറപ്പുവരുത്തും. കേര റീജണൽ പ്രൊജക്റ്റ് ഡയറക്റ്റർ സാഹിദ് മുഹമ്മദിന്‍റെ അധ്യക്ഷതയിൽ ജില്ലാ കൃഷി ഓഫീസർ സി. ജോ ജോസ് പരിപാടി ഉദ്‌ഘാടനം ചെയ്തു. ആത്‌മ പ്രോജക്റ്റ് ഡയറക്റ്റർ മിനി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കേര പ്രൊക്യൂർമെന്‍റ് ഓഫീസർ സുരേഷ് സി. തമ്പി പദ്ധതി വിശദീകരിച്ചു. കേര റീജണൽ ഡെപ്യൂട്ടി ഡയറക്റർ സിന്ധു കെ. മാത്യു, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോഗ്രാം ഹെഡ് അശോക് കുര്യൻ പഞ്ഞിക്കാരൻ, കേര പ്രോജക്റ്റ് ടെക്‌നിക്കൽ സ്പെഷ്യലിസ്റ്റ് ശ്രീബാല അജിത്ത് എന്നിവർ സംസാരിച്ചു.

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു, വീണ്ടും ജയിലിലേക്ക്

ജനൽ കട്ടള ദേഹത്തു വീണ് ഒന്നാം ക്ലാസുകാരൻ മരിച്ചു

സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കും, രാഷ്ട്രീയമായി തകർക്കാൻ കഴിയില്ല; അന്വേഷണ ഉദ‍്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ

''ഉടൻ അറസ്റ്റു ചെയ്യൂ''; രാഹുലിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരം

ഒന്നാം ഏകദിനം: ഇന്ത്യക്ക് 301 റൺസ് വിജയലക്ഷ്യം