അധ്യാപക സംഘടനകൾ എതിർത്തു; കെടെറ്റ് നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് മരവിപ്പിച്ചു

 
Kerala

അധ്യാപക സംഘടനകൾ എതിർത്തു; കെടെറ്റ് നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് മരവിപ്പിച്ചു

വിഷയത്തിൽ ഭരണാനുകൂല അധ്യാപക സംഘടനകളടക്കം പ്രതിഷേധവുമായെത്തിയതോടെ പുനപരിശോധനാ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയതോടെ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതോടെ നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും സർക്കാർ റദ്ദാക്കി.സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കിയിരുന്ന മുൻ ഉത്തരവടക്കം റദ്ദായി.

ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരുമെന്നായതോടെയാണ്പ്രതിഷേധം ഉയർന്നത്. കൂടാതെ, ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് നിർബന്ധമായിരിക്കുമെന്നതടക്കം നിർദേശങ്ങളാണ് സർക്കാർ പുതുതായി പരിഗണിച്ചത്.

അതേസമയം, വിഷയത്തിൽ ഭരണാനുകൂല അധ്യാപക സംഘടനകളടക്കം പ്രതിഷേധവുമായെത്തിയതോടെ പുനപരിശോധനാ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. 2010 ഏപ്രിൽ ഒന്നിന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും വിധിക്കെതിരെ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

2010-ന് മുൻപ് നിയമിതരായ ഒരാൾക്ക് പോലും തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നിയമപരമായ ഇടപെടലുകളും സർക്കാർ നടത്തും. അധ്യാപകർ ആശങ്കപ്പെടേണ്ടതില്ല. ഫെബ്രുവരിയിൽ കെ-ടെറ്റ് പരീക്ഷ നടത്തമെന്നും അതുവരെ ഇളവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ അധ്യാപക സംഘടനകളുമായും നിയമവിദഗ്ധരുമായും ചർച്ച നടത്തിയ ശേഷം റിവ്യൂ പെറ്റീഷൻ നൽകുന്ന നടപടികൾ വേഗത്തിലാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കായി അധ്യാപകർ തയ്യാറെടുക്കവേ, സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ ആവശ്യപ്പെട്ടു. യോഗ്യത സംബന്ധിച്ച ഉത്തരവ് അധ്യാപകരിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു കുറ്റപ്പെടുത്തി. സർവീസിലുള്ള അധ്യാപകർക്ക് മതിയായ അവസരവും സമയവും നൽകാതെ സ്ഥാനക്കയറ്റവും ആനുകൂല്യവും തടയുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. ‌നിയമനാംഗീകാരം ലഭിച്ച അധ്യാപകരെ കെ-ടെറ്റ് പരിധിയിൽനിന്ന് ഒഴിവാക്കാൻ ‌നിയമനടപടി സ്വീകരിക്കണമെന്ന് എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു. സുപ്രീംകോടതി രണ്ടുവർഷം എല്ലാവർക്കും ഇളവനുവദിച്ചിട്ടുണ്ടെന്നും ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്‍റ് കെ. അബ്ദുൾ മജീദും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും പറഞ്ഞു. അധ്യാപക ദ്രോഹനടപടിയാണ് സർക്കാരിന്‍റേതെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ കുറ്റപ്പെടുത്തി.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഭീതിയിൽ

വൈദ്യുതി നിരക്ക് കുറയുന്നു

"ട്രംപിന്‍റെ തനിനിറം പുറത്തായി", ആക്രമണത്തിൽ നിശിത വിമർശനവുമായി റഷ്യ

കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു