കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറുടെയും കുടുംബത്തിന്‍റെയും പോസ്റ്റുമോർട്ടം വെളളിയാഴ്ച നടത്തും. ഝാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ താമസ സ്ഥലത്തുനിന്ന് ഹിന്ദിയിൽ എഴുതിയ കുറിപ്പും കണ്ടെത്തി.
ശാലിനി വിജയിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ജീവനൊടുക്കിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മരണപ്പെട്ട മനീഷ് ഒരാഴ്ച ലീവിലായിരുന്നു. ലീവ് കഴിഞ്ഞ് അഞ്ചു ദിവസം പിന്നിട്ടിട്ടും കാണാത്തതിനെത്തുടർന്ന് ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറംലോകമറിയുന്നത്. വീടിന് അകത്തുനിന്നു രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മനീഷിനെയും സഹോദരിയെയും തൂങ്ങിയ നിലയിലും അമ്മയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്തിടെയാണ് കൊച്ചിയിലെത്തിയത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിരുന്നുളളൂ.
കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽക്കാരുമായി ബന്ധം സൂക്ഷിക്കുന്നവരായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
അമ്മയുടെ മൃതദേഹത്തിന് മുകളിൽ വെള്ളത്തുണി വിരിച്ച് പൂക്കൾ വെച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിൽ ഹിന്ദിയിൽ ഉള്ള വരികളാണുളളത്. സഹോദരിയെ അറിയിക്കണം എന്ന് മാത്രമാണ് കുറിപ്പിലുള്ളത്. മനീഷിന്‍റെ ഒരു സഹോദരി വിദേശത്താണ്. അടുക്കളയില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.