കെ.സി. ജോസഫ്
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ മന്ത്രി ഗണേഷ് കുമാറിന്‍റെ ആരോപണങ്ങൾ ദൗർഭാഗ്യകരമെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്. ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട. ഉമ്മൻചാണ്ടി ആരാണെന്നും, ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാം. വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഗണേഷിന്‍റെ കുഴപ്പം കൊണ്ടാണ് മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തിയത്. ആരോപണങ്ങൾ തുടർച്ചയായി ഉണ്ടായത് കൊണ്ടാണ് മന്ത്രിസഭയിൽ പിന്നീട് ഉൾപ്പെടുത്താത്തത്.
അതിന് ഉമ്മൻചാണ്ടി പഴിച്ചിട്ട് കാര്യമില്ല. സരിത എഴുതിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തു.
ഈ ഭാഗത്താണ് ഉമ്മൻചാണ്ടിക്കെതിരേ പരമർശങ്ങൾ ഉണ്ടായത്. നാല് പേജുകൾ കൂട്ടിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. ആ കേസിലെ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി സരിതയുമാണ്. ഉമ്മൻചാണ്ടി ഒരിക്കലും കുടുംബം കലക്കുന്ന ആളല്ല. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്നും കെ.സി പറഞ്ഞു.ഉമ്മൻചാണ്ടിയുടെ പൊതുജീവിതം തുറന്ന പുസ്തകമാണ്. മടിയിൽ പൊതിയുള്ളവർ വഴിയിൽ പേടിച്ചാൽ മതിയെന്ന് കെ.സി. ജോസഫ് വ്യക്തമാക്കി.