K C Venugopal 

file image

Kerala

''പത്മകുമാറിന്‍റെ അറസ്റ്റ് ഗത്യന്തരമില്ലാതെ, ഉന്നത രാഷ്ട്രീയ ഗുഢാലോചന വ്യക്തം'': കെ.സി. വേണുഗോപാല്‍

''സര്‍ക്കാരിന്‍റെ അറിവോടെ നടന്ന കൊള്ളയാണ് ശബരിമലയിലേത്''

Namitha Mohanan

തിരുവനന്തപുരം: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുന്‍ എംഎല്‍എയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായിരുന്ന എ. പത്മകുമാറിന്‍റെ അറസ്റ്റോടെ ഉന്നത രാഷ്ട്രീയ ഗുഢാലോചന വ്യക്തമായതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സിപിഎം നേതാവായ എന്‍. വാസുവിന്‍റെ അറസ്റ്റോടെ വെളിവായി തുടങ്ങിയ ഉന്നത രാഷ്ട്രീയ ബന്ധവും കൊളളയ്ക്ക് പിന്നിലെ ഗൂഢാലോചനയും പത്മകുമാറിന്‍റെ അറസ്റ്റോടെ സുവ്യക്തമായിരിക്കുകയാണ്.

അതുകൊണ്ടുതന്നെ അയ്യപ്പന്‍റെ അമൂല്യ വസ്തുക്കള്‍ കൊളളയടിച്ചവരിലേക്കുളള അന്വേഷണം പത്മകുമാര്‍ ദൈവതുല്യരായി കാണുന്നവരിലേക്ക് കൂടി എത്തിയേ മതിയാകൂ. എന്നാല്‍ മാത്രമേ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തുകൊണ്ടുവരാനാകൂ. ദേവസ്വം പ്രസിഡന്‍റ് അറസ്റ്റിലാകുമ്പോള്‍ ബോര്‍ഡിന് മുകളില്‍ പ്രവര്‍ത്തിച്ച അന്നത്തെ ദേവസ്വം മന്ത്രിയിലേക്ക് കൂടി അന്വേഷണം സ്വാഭാവികമായി എത്തേണ്ടതാണ്.

എന്നാല്‍ അതിലേക്ക് പോകാന്‍ അന്വേഷണസംഘം മടിച്ചുനില്‍ക്കുന്നത് പോലെയാണ് പൊതു സമൂഹത്തിന് തോന്നുന്നത്. സ്വര്‍ണ്ണക്കൊള്ള നടത്താന്‍ ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത വ്യക്തി പത്മകുമാറാണെന്ന നിഗമനം എസ്ഐടി നടത്തുമ്പോഴും അദ്ദേഹത്തെ കുറ്റവാളിയാണെന്ന് സമ്മതിക്കാന്‍ പോലും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ തയാറാകുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രതികളെ സംരക്ഷിക്കില്ലെന്നും കൈകള്‍ ശുദ്ധമെന്ന് പുറംവാക്ക് സിപിഎം നേതൃത്വം പറയുന്നുണ്ടെങ്കിലും അതില്‍ ആത്മാര്‍ത്ഥതയില്ലെന്നതിന് തെളിവാണ് എം.വി. ഗോവിന്ദന്‍റെ നിലപാട്.

സര്‍ക്കാരിന്‍റെ അറിവോടെ നടന്ന കൊള്ളയാണ് ശബരിമലയിലേത്. സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ശബരിമലയില്‍ സംഭവിക്കില്ലായിരുന്നു. മോഷ്ടിക്കപ്പെട്ട സ്വര്‍ണം വിറ്റത്തില്‍ നിന്ന് എത്ര കോടി സിപിഎം നേതാക്കള്‍ക്ക് കിട്ടിയെന്നതും അന്വേഷിക്കണം. എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത് പോലെ കേരളം ഇതെല്ലാം ചര്‍ച്ച ചെയ്യുമെന്നും വേണുഗോപാല്‍ പറഞ്ഞു. കോടതി നിരീക്ഷണം ഉണ്ടായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെയും ആരോപണ വിധേയരേയും പിണറായി വിജയന്‍റെ പൊലീസ് വിശുദ്ധരായി പ്രഖ്യാപിച്ചേനെ.

സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതൃത്വത്തിന് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകിയ മുഖ്യമന്ത്രിയുടെ വിശ്വസ്തരും അടുപ്പക്കാരുമാണ് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാരായ എന്‍.വാസുവും എ.പത്മകുമാറും. അടിമുടി സിപിഎമ്മുകാരാണ് ഇവരെല്ലാം.അയ്യപ്പന്‍റെ സ്വത്ത് കൊള്ളയടിക്കാന്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രസിഡന്‍റിന്‍റെ പദവിയില്‍ ഇവരെ അവരോധിച്ചത് സിപിഎമ്മാണ്. അതിനാല്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലെ പങ്കില്‍ നിന്ന് മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും ഒഴിഞ്ഞുമാറാനാകില്ല.

അയ്യപ്പന്‍റെ സ്വർണം കൊള്ളനടത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രിമാര്‍ക്കും അറിവുണ്ട്. പി.എസ്. പ്രശാന്തിന്‍റെ കാലഘട്ടത്തിലെ ബോര്‍ഡിന്‍റെ ഇടപെടലുകളെ കുറിച്ചും ഹൈക്കോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്. അന്വേഷണം ഇവരിലേക്ക് കടക്കണം. എന്നാല്‍ അതിന് തടയിടാനുള്ള നീക്കം നടക്കുന്നതിനാലാണ് അന്വേഷണത്തിന് സ്വാഭാവിക വേഗം കൈവരിക്കാത്തതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; കർശന നടപടിക്ക് വിദ്യാഭ്യാസവകുപ്പ്