ആലപ്പുഴയിലെ അടുക്കളയിൽ കെ.സി. വേണുഗോപാൽ.
ആലപ്പുഴ: കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റിന്‍റെ ദുരിതം കെ.സി. വേണുഗോപാല്‍ എംപിക്ക് തുറന്നുകാട്ടി ആലപ്പുഴയിലെ ഒരു കൂട്ടം വീട്ടമ്മമാര്‍. നൂറു രൂപയുമായി അരിയും മുളകും വാങ്ങാന്‍ ചെന്ന താന്‍ 20 രൂപ കടം പറഞ്ഞ് മടങ്ങേണ്ട ദുരവസ്ഥയാണ് മത്സ്യത്തൊളിലാളി കുടുംബാംഗമായ വീട്ടമ്മ റീഫ മേരിക്ക് പറയാനുള്ളത്. വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ വേറിട്ട പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു നയനാവെളി സ്വദേശിയായ റീഫ മേരിയുടെ വീട്ടിൽ കെസിയുടെ സന്ദര്‍ശനം.
പത്ത് വര്‍ഷം മുൻപേ നിത്യോപയോഗ സാധാനങ്ങള്‍ക്ക് ഇത്രയും വിലയില്ലായിരുന്നു. അന്നൊക്കെ തുടര്‍ച്ചയായി ജോലി ഇല്ലായിരുന്നെങ്കിലും തട്ടിയുംമുട്ടിയും ജീവിക്കാമായിരുന്നു. ഇന്ന് അതല്ല അവസ്ഥ. ഏറ്റവും ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും ഒരുമാസത്തെ അടുക്കള ചെലവിനായി വേണം. കുട്ടികളുടെ പഠനം, മറ്റു ചെലവുകള്‍ എന്നിവയെല്ലാം കൂടിയാകുമ്പോള്‍ ഓരോ മാസത്തെയും അധ്വാനം കൊണ്ട് സാമ്പത്തികമായി മിച്ചം പിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു ചെറിയ പനി വന്നാല്‍ പോലും ചികിത്സയ്ക്കായി പണം കടംമേടിക്കേണ്ട അവസ്ഥയാണെന്നും വീട്ടമ്മ പറഞ്ഞു.
പാചകവാതകത്തിന് സബ്‌സിഡി കുറച്ചതും മണ്ണെണ്ണ നിര്‍ത്തലാക്കിയതും വെളിച്ചെണ്ണയുടെ വില അനിയന്ത്രിതമായും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വീട്ടമ്മമാര്‍ കെ.സി. വേണുഗോപാലിനു മുന്നില്‍ അവതരിപ്പിച്ചു.
അവശ്യസാധനങ്ങളുടെ വിലകുറച്ച് സാധാരണക്കാരുടെ വരുമാനം കൂട്ടുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് വീട്ടമ്മമാരുടെ പരാതികേട്ട വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. വരുമാനം മുന്നോട്ട് പോകാതെ നില്‍ക്കുമ്പോള്‍, അടുക്കള ചെലവുകള്‍ മാത്രമാണ് കുതിച്ചുയരുന്നതെന്ന് അദ്ദേഹം കണക്കുകള്‍ സഹിതം സമർഥിച്ചു. ''ഇത് രാഷ്ട്രീയ സമരമല്ല, മറിച്ച് സാധാരണക്കാരുടെ കുടുംബങ്ങള്‍ ദിവസേന അനുഭവിക്കുന്ന യാഥാർഥ്യമാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്നതാണ് സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം. അടുക്കളപ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍, ഭരണസംവിധാനം അതിന്‍റെ ഏറ്റവും അടിസ്ഥാനതലത്തില്‍ പരാജയപ്പെട്ടു എന്നാണര്‍ഥം,'' കെ.സി. വേണുഗോപാല്‍ പറഞ്ഞു.
വിലവിവരങ്ങളും വിലക്കയറ്റത്തിന്‍റെ കാരണങ്ങളും വിശദീകരിക്കുന്ന 'കേരള കിച്ചണ്‍ ബജറ്റ് വൈറ്റ് പേപ്പറി'ലെ കണ്ടെത്തലുകള്‍ അദ്ദേഹം അവതരിപ്പിച്ചു. പത്തു വര്‍ഷം നീണ്ട ഭരണത്തില്‍ സാധാരണ കുടുംബത്തിന്‍റെ മാസ ഭക്ഷണച്ചെലവ് എത്രത്തോളം ഉയര്‍ന്നുവെന്നതും അതിനൊപ്പം യഥാര്‍ത്ഥ വേതനവര്‍ധന എത്രമാത്രം പിന്നിലായെന്നും വൈറ്റ് പേപ്പറില്‍ രേഖപ്പെടുത്തി.2016 മുതല്‍ അരി, പാചക എണ്ണ, പാല്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മസാലകള്‍ തുടങ്ങി എല്ലാ അവശ്യസാധനങ്ങള്‍ക്കും ഉണ്ടായ കുത്തനെയുള്ള വില വര്‍ധനവാണ് അടുക്കള ബജറ്റിനെ അസഹ്യമായ നിലയിലേക്ക് എത്തിച്ചതെന്ന് രേഖ വ്യക്തമാക്കുന്നു. ശമ്പളക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും ജീവിതച്ചെലവ് താങ്ങാനാവുന്നില്ല.ദേശീയ ശരാശരിയേക്കാള്‍ കൂടിയ വിലക്കയറ്റമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. കൃഷിക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും ചെറുപ്പക്കാര്‍ക്കും എതിരാണ് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍.
''ഇങ്ങനെ ഉള്ള ഒരു സര്‍ക്കാര്‍ അതിന്‍റെ അവസാന നാളുകളില്‍, ഒരു തട്ടിക്കൂട്ട് ബജറ്റ് അവതരിപ്പിച്ച് ആരെയാണ് വിഡ്ഡികളാക്കുന്നത്? അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ക്കായി വര്‍ഷങ്ങളോളം സമരം ചെയ്തവര്‍ക്ക് എന്തെങ്കിലും വച്ചു നീട്ടുക; എന്നിട്ട് വളര്‍ച്ചാനിരക്ക്, ധനവിനിമയ അനുപാതം, കടബാധ്യതാ ശതമാനം എന്നിങ്ങനെ ആര്‍ക്കും മനസിലാകാത്ത വലിയ കണക്കുകള്‍ പറഞ്ഞ് ഭരണപരാജയത്തെ മറയ്ക്കാന്‍ ശ്രമിക്കുക; ഇതൊക്കെ തന്നെയല്ലേ നാടകം?''
ഇത് വെറും വിലക്കയറ്റ പ്രശ്നമല്ലെന്നും, തൊഴില്‍ അസ്ഥിരത, വരുമാനവളര്‍ച്ചയുടെ തളര്‍ച്ച, കുടുംബങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാനാകാത്ത നയപരാജയം എന്നിവ ചേര്‍ന്നതാണ് ഇന്നത്തെ അഗാധമായ പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി.ശരാശരി മലയാളി കുടുംബങ്ങള്‍ ജീവിക്കുന്നത് അടുക്കളക്കണക്കു പ്രകാരം തന്നെയാണ്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവരുടെ പത്തുവര്‍ഷ ഭരണത്തിനു ശേഷം, ഇന്ന് കണക്കുകള്‍ കൂട്ടിയാല്‍ ഒന്നും ശരിയായി വരുന്നില്ലെന്നും കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് വീട്ടമ്മമാര്‍ക്കൊപ്പം ഒരുമിച്ച് അടുക്കളയില്‍ കപ്പപുഴുങ്ങി എല്ലാവരും ചേര്‍ന്ന് കഴിച്ച ശേഷമാണ് കെസി വേണുഗോപാല്‍ എംപി മടങ്ങിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വീട്ടമ്മമാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആയിരിക്കും മുന്‍ഗണനയെന്നും വേണുഗോപാല്‍ ഉറപ്പുനല്‍കി.