കേരളതീരത്ത് കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരളതീരത്ത് ഉയർന്ന തിരമാലകൾക്ക് (High tide) സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തുടർന്ന്, വിവിധ തീരങ്ങളിൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലകളിലെ തീരപ്രദേശങ്ങളിലും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിലും വെള്ളിയാഴ്ച (June 06) രാത്രി 08.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.
തിങ്കളാഴ്ച (June 09) വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മഴ മുന്നറിയിപ്പ്
ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.