Representative image 
Kerala

സർക്കാർ അവഗണന നേരിടാൻ ട്രേഡ് യൂണിയന്‍റെ വഴിയേ ഡോക്യുമെന്‍ററി സംവിധായകർ

സർക്കാരിന്‍റെ ക്യാംപെയ്ൻ വിഡീയോകൾ ചെയ്യുന്നതിൽനിന്ന് എംപാനൽഡ് സംവിധായകരെ അവഗണിക്കുന്നു

അജയൻ

കൊച്ചി: സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്‍റെ നയം മാറ്റം കാരണം അവഗണന നേരിടുന്ന എംപാനൽഡ് ഡോക്യുമെന്‍ററി സംവിധായകർ പ്രശ്ന പരിഹാരത്തിന് ട്രേഡ് യൂണിയന്‍റെ വഴി തേടുന്നു. ഡോക്യുമെന്‍ററി ഡയറക്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കേരള (ഡിഡിഎഫ്‌കെ) ഉദ്ഘാടന യോഗം കേന്ദ്ര, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേരുകയും ചെയ്തു. സിഐടിയുവുമായി അഫിലിയേറ്റ് ചെയ്താണ് സംഘടന പ്രവർത്തിക്കുന്നത്.

സിഐടിയു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള യോഗം ഉദ്ഘാടനം ചെയ്തു. കൂട്ടായ ആശങ്കകൾ സർക്കാരിന്‍റെ ശ്രദ്ധയിലെത്തിക്കാനും പരിഹാരം കാണാനും ഒരുമിച്ചു നിൽക്കുക എന്ന ആശയമാണ് ട്രേഡ് യൂണിയൻ രൂപീകരണത്തിനു പിന്നിലെന്ന് ചന്ദ്രൻ പിള്ള മെട്രൊ വാർത്തയോടു പറഞ്ഞു. ബന്ധപ്പെട്ട എല്ലാവർക്കും മികച്ച അവസരങ്ങൾ ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടന യോഗത്തിൽ നൂറനാട് രാമചന്ദ്രനെ പ്രസിഡന്‍റായും വിജു വർമയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സി.എസ്. ചന്ദ്രലേഖ (ട്രഷറർ), കെ.ആർ. സുഭാഷ്, പ്രദീപ് നായർ (വൈസ് പ്രസിഡന്‍റുമാർ), ശശികുമാർ, ഫാറൂഖ് അബ്ദുൾ റഹ്മാൻ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

കോർപ്പറേറ്റ് സ്ഥാപനങ്ങളെ കൂടുതലായി ആശ്രയിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നയം മാറ്റം കാരണം എംപാനൽഡ് സംവിധായകർക്ക് സർക്കാരിന്‍റെ പ്രചാരണ വിഡിയോകളും മറ്റും ചെയ്യുന്നതിനുള്ള അവസരം വ്യാപകമായി നിഷേധിക്കപ്പെടുന്നുണ്ട്. പല മടങ്ങ് കൂടിയ തുകയ്ക്ക് മറ്റ് ഏജൻസികളെക്കൊണ്ടാണ് ഇത്തരം ക്യാംപെയ്ൻ വിഡിയോകളിൽ ഏറെയും ഇപ്പോൾ ചെയ്യിക്കുന്നത്.

ഇതുകൂടാതെ, ചെയ്ത വർക്കുകളുടെ പണം കിട്ടാനും അനിശ്ചിതമായ കാലതാമസം നേരിടുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിനു മേൽ സമ്മർദം ചെലുത്തുകയാണ് പുതിയ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു