കോന്നി ആനക്കൂട്ടിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് വനം വകുപ്പ് ജീവനക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു

 
Kerala

''ചേരിപ്പോരിൽ ബലിയാടാവാൻ ഞങ്ങളില്ല...'' വനം വകുപ്പ് ജീവനക്കാർ പ്രതിഷേധത്തിൽ

കോന്നി ആനത്താവളത്തിൽ തൂണ് ഇളകിവീണ് കുട്ടി മരിച്ച സംഭവത്തിൽ 5 ജീവനക്കാർക്ക് സസ്പെൻഷൻ; ജനപ്രതിനിധിക്ക് ഉന്നതോദ്യോഗസ്ഥനോടുള്ള പകയെന്ന് ആരോപണം; സുരക്ഷയില്ലാത്ത ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടണമെന്ന് ആവശ്യം

വി.കെ. സഞ്ജു

പത്തനംതിട്ട: കോന്നി ആനത്താവളത്തിൽ തൂണ് ഇളകിവീണ് നാല് വയസുകാരൻ മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. അപകടവുമായി ബന്ധപ്പെട്ട് ഒരു ജനപ്രതിനിധി ഇടപെട്ട് താഴേത്തട്ടിലുള്ള അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്യിച്ചിരുന്നു. ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻ.

കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. എന്നാൽ, കേരളത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ എവിടെയും സുരക്ഷാ ഓഡിറ്റ് നടക്കുന്നില്ലെന്നും, പ്രശ്നങ്ങളുണ്ടാകുമ്പോൾ താഴേത്തട്ടിലുള്ള ജീവനക്കാരെ ബലിയാടാക്കുകയാണെന്നും അവർ ആരോപിക്കുന്നു. കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലടക്കം 2017നു ശേഷം സുരക്ഷാ ഓഡിറ്റ് നടത്തിയിട്ടില്ല. ഇവിടെ സന്ദർശകർക്ക് ദിവസവാടകയ്ക്കു നൽകുന്ന ട്രീ ഹട്ട് കടുത്ത സുരക്ഷാ ഭീഷണിയിലാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

കോന്നി ആനത്താവളത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ല. സന്ദർശകരെ ആനകളിൽ നിന്ന് നിശ്ചിത അകലത്തിൽ നിർത്താൻ സംവിധാനങ്ങളുമില്ല. അടുത്തിടെ, ആനക്കൂട്ടിൽ നിന്ന് പുറത്തേക്കോടാൻ കൃഷ്ണ എന്ന കുട്ടിയാന ശ്രമിച്ചിരുന്നു. അതിസാഹിസകമായി ആനയ്ക്കു മുൻപേ ഓടി ഗേറ്റടച്ച് വലിയ അപകടം ഒഴിവാക്കിയ വനപാലകൻ അടക്കം ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. നടപടി നേരിടുന്ന അഞ്ച് പേരിൽ രണ്ട് വനിതകളുമുണ്ട്.

ശാസ്ത്രീയ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത പ്രവർത്തിക്കുന്ന അടവി അടക്കം എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. നിരപരാധികളായ വനപാലകർക്കെതിരായ നടപടി പിൻവലിക്കണമെന്നും, രാഷ്ട്രീയ - ഉദ്യോഗസ്ഥ ചേരിപ്പോര് അവസാനിപ്പിക്കണമെന്നും, ഇക്കോ ടൂറിസം കേന്ദ്രത്തിൽ ശാസ്ത്രീയ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസിസോയേഷൻ തിങ്കളാഴ്ച പ്രതിഷേധ സംഗമവും സംഘടിപ്പിക്കുകയാണ്. ഒരു ജനപ്രതിനിധിക്ക് വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥനോടുള്ള വിദ്വേഷത്തിന്‍റെ ഫലമാണ് താഴേത്തട്ടിലുള്ള ജീവനക്കാർ അനുഭവിക്കേണ്ടി വരുന്നതെന്നാണ് വിമർശനം.

അടവിയിൽ സന്ദർശകർക്ക് ദിവസവാടകയ്ക്കു നൽകുന്ന ട്രീ ഹട്ട് കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നു.

ഒറ്റ ദിവസം ഒന്നര ലക്ഷം രൂപ വരെ വരുമാനം കിട്ടാറുള്ള അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്ക് അടിസ്ഥാന സുരക്ഷയൊരുക്കാൻ പോലും ഫണ്ട് അനുവദിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. ആറു വർഷം മുൻപ് മരക്കൊമ്പ് ഒടിഞ്ഞു വീണ് ഒരാൾ മരിച്ച സംഭവം വരെ ഇവിയുണ്ടായിട്ടുണ്ട്. വേരുകൾക്കിടയിൽ നിന്ന് മണ്ണൊലിച്ചു പോയി, കടപുഴകാൻ പാകത്തിൽ നിൽക്കുന്ന വൻമരങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. വേലിക്കു പകരം മതിൽ കെട്ടണമെന്ന ആവശ്യവും അംഗീകരിക്കപ്പെടാതെ കിടക്കുന്നു.

പ്രതിവർഷം കോടിക്കണക്കിന് രൂപ വരുമാനം കിട്ടുന്ന ഇക്കോ ടൂറിസം കേന്ദ്രമാണ് അടവി. എന്നാൽ, ഇവിടെനിന്നുള്ള വരുമാനം ഇവിടത്തെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ പ്രയോജനപ്പെടുന്നില്ല. ഇക്കോ ടൂറിസം എന്ന അടിസ്ഥാന ആശയത്തിൽനിന്നു തന്നെ വ്യതിചലിക്കുന്ന പ്രവർത്തനങ്ങളാണ് അടവിയിൽ നടക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർകരിൽനിന്ന് ഈടാക്കുന്ന ഫീസ്, യഥാർഥത്തിൽ ജൈവ സമ്പത്തിലേക്കുള്ള കടന്നുകയറ്റത്തിനുള്ള പിഴ എന്ന രീതിയിൽ കണക്കാക്കണമെന്നാണ് സങ്കൽപ്പം. ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള വരുമാനം ഇവിടങ്ങളിലെ ജൈവ സമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കാനാണ് ഉപയോഗപ്പെടുത്തേണ്ടത്. ഇതെല്ലാം കാറ്റിൽപ്പറത്തി, വരുമാന മാർഗം മാത്രമായി പരിസ്ഥിതിയെ കാണുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അടവിയിലെ കുട്ടവഞ്ചി സവാരി.

ഉൾവനത്തിൽനിന്ന് വനോത്പന്നങ്ങൾ ശേഖരിക്കുന്ന ആദിവാസി സമൂഹത്തിലും വനാശ്രിത സമൂഹത്തിലും വന സംരക്ഷണ സമിതി അംഗങ്ങളിലും യോഗ്യരായ നിരവധി തൊഴിൽരഹിതരുണ്ട്. എന്നിട്ടും, വന വികസന ഏജൻസി (ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജൻസി - FDA) നടത്തുന്ന, വന ഉത്പന്നങ്ങൾ വിൽക്കുന്ന വനശ്രീ സ്റ്റോളുകളിലെയും ഇക്കോ ടൂറിസം പദ്ധതിയിലെയും ജോലികളിൽ അവരെ പരിഗണിക്കുന്നില്ലെന്നു പരാതിയുണ്ട്.

ഇതിനു പകരം, മാറിമാറി വരുന്ന വകുപ്പ് മന്ത്രിമാരുടെയും അവരുടെ സിൽബന്ധികളുടെയും താത്പര്യപ്രകാരമാണ് ഇത്തരം കേന്ദ്രങ്ങളിൽ നിയമനം നൽകിവരുന്നത്. ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥരെയടക്കം സ്ഥലംമാറ്റ ഭീഷണി ഉയർത്തി നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നും ആരോപണം നിലനിൽക്കുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു