കേരള സർക്കാർ വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്ന ഹെലികോപ്റ്റർ

 

File photo

Kerala

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

കുറച്ചു മണിക്കൂറുകൾ മാത്രം ഉപയോഗിച്ചിട്ടും വൻ തുക വാടക നൽകേണ്ടി വന്നത് വിവാദങ്ങൾക്ക് വഴിവച്ചു. ഇതിനെത്തുടർന്നാണ് മാസവാടക ഒഴിവാക്കണമെന്ന നിർദേശം

Thiruvananthapuram Bureau

തിരുവനന്തപുരം: വിവാദ ഹെലികോപ്റ്ററിന് മാസം തോറും നിശ്ചിത വാടക നൽകുന്നതിന് പകരം ഇനി മുതൽ പറക്കുന്ന സമയത്തിന് മാത്രം പണം നൽകിയാൽ മതിയെന്ന ആലോചനയുമായി സർക്കാർ. പൊലീസിന്‍റെ പേരിൽ കരാറെട‌ുത്ത ഹെലികോപ്റ്ററിന്‍റെ നിബന്ധനകളിൽ മാറ്റം വരുത്തിക്കൊണ്ട്, ഹെലികോപ്റ്റർ ഒരു മണിക്കൂർ പറക്കുന്നതിന് നാലു ലക്ഷം രൂപ ഈടാക്കാമെന്ന പുതിയ ശുപാർശ ഹെലികോപ്റ്റർ കമ്പനി നൽകിയിട്ടുണ്ട്. കമ്പനി സമർപ്പിച്ച ഈ ശുപാർശയിൽ സർക്കാർ ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

ഒന്നാം പിണറായി വിജയൻ സർക്കാരിന്‍റെ കാലത്താണ് കേരള പൊലീസ് ആദ്യമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. അന്നത്തെ കരാർ അനുസരിച്ച് പ്രതിമാസം 80 ലക്ഷം രൂപയായിരുന്നു ഹെലികോപ്റ്ററിന്‍റെ മാസവാടക. ഹെലികോപ്റ്റർ പറന്നാലും ഇല്ലെങ്കിലും ഈ 80 ലക്ഷം രൂപ കമ്പനിക്ക് നൽകേണ്ടുന്ന അവസ്ഥയുണ്ടായിരുന്നു. മാസവാടകയായി നൽകുന്ന 80 ലക്ഷം രൂപയ്ക്ക് പ്രതിമാസം 25 മണിക്കൂർ വരെ ഹെലികോപ്റ്റർ പറത്താൻ അനുവാദമുണ്ടായിരുന്നു.

എന്നാൽ, മുൻകാലങ്ങളിൽ ഒരു മാസം പരമാവധി അഞ്ചോ ആറോ മണിക്കൂർ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. വളരെ കുറച്ചു മണിക്കൂറുകൾ മാത്രം ഉപയോഗിച്ചിട്ടും വൻ തുക മാസവാടകയായി നൽകേണ്ടി വന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇതിനെത്തുടർന്നാണ് മാസവാടക ഒഴിവാക്കണമെന്നും പറക്കുന്നതിന് മാത്രം വാടക നൽകിയാൽ മതിയെന്നുമുള്ള നിലപാടിലേക്ക് സർക്കാർ എത്തിയത്.

ഇതിന് പിന്നാലെയാണ് കരാർ അവസാനിച്ചതോടെ ഉപയോഗിക്കുന്ന സമയത്തിന് മാത്രം മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കിൽ വാടക ഈടാക്കാമെന്ന പുതിയ നിർദേശം മുന്നോട്ടുവയ്ക്കാൻ കമ്പനി തയ്യാറായത്.

ഇതിൽ ഇനിയും ചർച്ചകൾ നടത്തി സർക്കാരിനും കമ്പനിക്കും നഷ്ടമില്ലാത്ത തുകയിലേക്ക് വാടക കരാർ എത്തിക്കാനാണ് സാധ്യത. വൻ തുക നൽകി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെ പ്രതിപക്ഷത്തായിരുന്നപ്പോൾ വിമർശിച്ച യുഡിഎഫ് നേതാക്കൾ ഭരണത്തിലെത്തിയപ്പോൾ എന്ത് തുടർ നടപടി സ്വീകരിക്കുമെന്നത് കണ്ടറിയണം.

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും