പ്രൊഫ. കെ.വി. തോമസ്
പ്രൊഫ. കെ.വി. തോമസ്
(മുൻ കേന്ദ്ര- സംസ്ഥാന മന്ത്രിയും കേരളത്തിന്‍റെ ഡൽഹിയിലെ മുൻ പ്രത്യേക പ്രതിനിധിയുമാണ് ലേഖകൻ)
തിരുവനന്തപുരത്തെ വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര തുറമുഖം അതിവേഗത്തിലാണു വളരുന്നത് എന്നത് എല്ലാവർക്കും, പ്രത്യേകിച്ച് മലയാളികൾക്കെല്ലാം വളരെ അഭിമാനകരമായ നേട്ടമാണ്. വിഴിഞ്ഞം പോർട്ടിനെക്കുറിച്ചുള്ള ചർച്ചകൾ ഏറെ വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും യാഥാർഥ്യമാകുന്നത് 2005 കാലഘട്ടത്തിലാണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഡൽഹിയിൽ അദാനി ഗ്രൂപ്പിന്‍റെ ചെയർമാൻ ഗൗതം അദാനിയുമായി നടത്തിയ ചർച്ചയിലാണ് ഇതിനു പച്ചക്കൊടി കിട്ടിയത്. പിന്നീട് അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഇന്നത്തെ അഭിമാനകരമായ നിലയിലേക്ക് വിഴിഞ്ഞത്തെ എത്തിച്ചു.
പ്രവർത്തനമാരംഭിച്ച് കേവലം 18 മാസത്തിനുള്ളിൽ 20 അടിയുള്ള 20 ലക്ഷം കണ്ടെയ്നറുകൾ (ടിഇയു) കൈകാര്യം ചെയ്ത് റെക്കോഡ് കൈവരിച്ചിരിക്കുന്നു. 2028 ഡിസംബറിൽ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ 57 ലക്ഷം ടിഇയു കൈകാര്യം ചെയ്യാൻ കഴിയും വിധം ഈ തുറമുഖം വളരും.
ഈ ഒരു വികസന പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് അവരുടെ പക്കലുള്ള ഓഹരികളിലെ 49 ശതമാനം വിഹിതം ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്‌സിക്ക് 13,000 കോടി രൂപയ്ക്ക് കൈമാറുന്നത്. തീർച്ചയായും 2080ൽ കേന്ദ്ര സർക്കാരിന്‍റെ പൂർണ ഉടമസ്ഥതയിൽ വരേണ്ട വിഴിഞ്ഞം അന്താരാഷ്‌ട്ര ട്രാൻഷിപ്പ്മെന്‍റ് തുറമുഖത്തിന് ഇങ്ങനെയൊരു നിക്ഷേപം സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി അനിവാര്യമാണ്. അനാവശ്യമായ തർക്കങ്ങളുയർത്തി ഈ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്.
ഈ നിക്ഷേപ സാധ്യത ചൂണ്ടിക്കാട്ടിക്കൊണ്ട് യാതൊരു ആശങ്കയുമില്ലാതെ ലോകത്തെ പ്രമുഖ നിക്ഷേപകർ കേരളത്തിലേക്കു വൻകിട നിക്ഷേപങ്ങളുമായി വരുന്നതിനു സഹായകരമായി മാറുമെന്നതാണു പ്രധാനം. 2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുമായി ടർച്ചകൾ നടത്തിയപ്പോൾ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായതായി കണ്ടില്ല. കേരളത്തിൽ ഓരോ അഞ്ചു കൊല്ലം കഴിയുമ്പോഴു മാറിമാറമാറി വരുന്ന മുന്നണി സർക്കാരുകളും ട്രേഡ് യൂണിയനുകളുടെ നോക്കുകൂലി സമ്പ്രദായങ്ങളും മിന്നൽ സമരങ്ങളും മൂലം കേരളത്തിലേക്ക് പ്രധാനപ്പെട്ട നിക്ഷേപകരൊന്നും വരുന്ന സാഹചര്യമുണ്ടായിരുന്നില്ല.
മാത്രമല്ല, അന്നത്തെ പ്രധാന കമ്പനികളായ ഗ്വാളിയർ റയോൺസ്, എച്ച്എംടി, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്റ്റ്), വെള്ളൂർ ന്യൂസ് പ്രിന്‍റ് ഫാക്റ്ററി എന്നിവയൊക്കെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുമ്പോൾ പാലക്കാട് ചുരം കടന്ന് വ്യവസായങ്ങൾക്കു കേരളത്തിലേക്കു വരാൻ ധൈര്യമുണ്ടായിരുന്നില്ല. വിലകുറഞ്ഞ വിശാലമായ ഭൂമിയുടെ ലഭ്യതയും കേരളത്തിലെ വൈദ്യുതിയുടെ ഉയർന്ന നിരക്കും ആന്ധ പ്രദേശ്, തമിഴ്നാട്, കർണാടക, തെലങ്കാന തുടങ്ങിയ തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കു നിക്ഷേപം ഒഴുകാൻ സഹായകരവുമായി.
കേരളത്തിന്‍റെ വ്യവസായ വളർച്ചയ്ക്കു സഹായകരമായ മറ്റൊരു വലിയ പദ്ധതിയാണ് കൊച്ച് മെട്രൊ റെയ്‌ൽ. 2001-06 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ച ഈ ബൃഹദ് പദ്ധതി ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും പിന്നീട് തൃക്കാക്കരയിലേക്കും നീണ്ടു. ഒപ്പം, രാജ്യത്തിനകത്തും പുറത്തുമുള്ള വലിയ ജനസഞ്ചയത്തെ ആകർഷിച്ച വാട്ടർ മെട്രൊയും വന്നു. അക്കാര്യത്തിൽ പിണറായി വിജയൻ സർക്കാരിനെ അഭിനന്ദിക്കാതെ തരമില്ല.
കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തിൽ കാസർഗോഡ് നിന്നു പാറശാല വരെയുള്ള ആറുവരി ദേശീയപാതാ വികസനവും എടുത്തു പറയേണ്ടതു തന്നെയാണ്. നോക്കുകൂലിയും മിന്നൽ സമരങ്ങളും കേരളത്തിൽ നിക്ഷേപത്തിനു വന്നവരെയെല്ലാം പിന്നോട്ടു വലിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ പത്തുവർഷമായി തൊഴിൽ സൗഹൃദ അന്തരീക്ഷമാണു കേരളത്തിൽ നിലനിൽക്കുന്നത്. മാധ്യമങ്ങളും നീതിന്യായ സംവിധാനങ്ങളും മേറ്റതു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോൾ ഉന്നത നിലവാരം പുലർത്തുന്നതാണ് എന്ന വിലയിരുത്തൽ നിക്ഷേപകരെ ഇവിടേക്ക് ആകർഷിച്ചു. ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാഷ്‌ട്രീയ അഴിമതിയും സർക്കാർ മെഷിനറിയുടെ കെടുകാര്യസ്ഥതയും കേരളത്തിൽ പൊതുവേ കുറവാണ്. അതിനു കാരണമായി കാണാവുന്നത് സജീവമായ മാധ്യമങ്ങും സ്വതന്ത്രമായ ജുഡീഷ്യറിയും തന്നെയാണ്. ഇതിനേക്കാളുപരി, കേരളീയർ ജോലി ചെയ്യുന്നതിൽ കാണിക്കുന്ന വിശ്വസ്തതയും അവരുടെ കഴിവും മികവും മറ്റേതു സംസ്ഥാനക്കാരേക്കാളും ഉയർന്നതാണ് എന്നതുമാണ്.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെ സമയബന്ധിതമായ വൻ വളർച്ച കേരളത്തിൽ മറ്റു വൻകിടക്കാരും മുതൽമുടക്കുന്നതിനു സഹായകമാകുമെന്നതിൽ ഒരു സംശയവുമില്ല. അതോടൊപ്പം, ആഗോള വിപണിയിൽ തലയുയർത്തി നിൽക്കുന്ന ഒട്ടേറെ വിദേശ മലയാളികളുള്ള കേരളത്തിൽ മൂലധനമിറക്കാനുള്ള മറ്റു വ്യവസായികളുടെ താത്പര്യം ഇവിടെ പുതിയൊരു വളർച്ചാ സംസ്കാരത്തിനു തുടക്കം കുറിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.