Kerala

സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് എല്ലാ വർഷവും വീട്ടിലെത്തിക്കുന്ന ഏക സംസ്ഥാനം കേരളം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സർക്കാരിന്‍റെ പ്രകടനത്തിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് വർഷാവർഷം ജനങ്ങൾക്ക് വീട്ടിലെത്തിച്ചു കൊടുക്കുന്ന മറ്റൊരു സർക്കാർ ഇന്ത്യയിൽ ഇല്ലെന്ന് സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. മെയ് 20ന് സംസ്ഥാനത്തിന്‍റെ വാർഷിക പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്‍റെ കേരളം' പ്രദർശന-വിപണന മേള കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പുകാർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളം. നിതി അയോഗ് മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാക്കണമെന്നു പറഞ്ഞ 7 കാര്യങ്ങളിൽ കേരളമാണ് മുന്നിൽ. ക്ഷേമവികസനരംഗങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഒന്നും രണ്ടും പിണറായി സർക്കാർ നടപ്പാക്കിയത്. കോട്ടയം ജില്ലയും വികസനത്തിൽ മുന്നിലാണ്. എല്ലാ റോഡുകളും ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർന്നു. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനത്തെ ആദ്യജില്ലയായി മാറാനും കോട്ടയത്തിന് കഴിഞ്ഞു.

കാർഷിക, വ്യവസായിക, ആരോഗ്യസംരക്ഷ രംഗത്ത് ജില്ലയിൽ വൻ മുന്നേറ്റമാണ് ഉണ്ടാകുന്നത്. കോട്ടയം മെഡിക്കൽ കോളെജിൽ 1000 കോടി  രൂപയുടെ വികസനമാണ് നടക്കുന്നത്. ജില്ലാ ജനറൽ ആശുപത്രി മെഡിക്കൽ കോളെജിനു സമാനമായ ചികിത്സയൊരുക്കാൻ പ്രാപ്തരാകുമെന്നും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമാണ് എന്‍റെ കേരളം പ്രദർശന വിപണനമേളയിൽ കാണാനാകുന്നതെന്നും മന്ത്രി പറഞ്ഞു.

എംപ്ലോയ്മെന്‍റ് കെസ്റു സ്വയംതൊഴിൽ പദ്ധതിയുടെ വായ്പ സബ്സിഡി വിതരണം, കേരള സഹകരണ സമാശ്വാസ ഫണ്ട് വിതരണം, മത്സ്യകർഷകർക്കുള്ള സബ്സിഡി വിതരണം, ഭാഗ്യക്കുറി ക്ഷേമനിധി സ്‌കോളർഷിപ്പ് വിതരണം എന്നിവയും ചടങ്ങിൽ നിർവഹിച്ചു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ ആശ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ കലക്റ്റർ ഡോ.പി.കെ ജയശ്രീ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, നഗരസഭാംഗം സിൻസി പാറയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് കെ.സി. ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ ഗിരിഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ അനുപമ, ഹൈമി ബോബി, ഹേമലതാ പ്രേംസാഗർ, ഐ.പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്റ്റർ കെ.ആർ പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വി റസൽ, ബെന്നി മൈലാഡൂർ, രാജീവ് നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര നടന്നു. ഉദ്ഘാടനശേഷം വൈകിട്ട് 6.30ന് പ്രശസ്ത പിന്നണി ഗായകരായ ദുർഗ വിശ്വനാഥും വിപിൻ സേവ്യറും നയിച്ച ഗാനമേളയും അരങ്ങേറി.

തിടുക്കത്തിൽ നടപടി വേണ്ട; ഡ്രൈവർക്കെതിരായ മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി എംഡിയോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി; 15 സർവീസുകൾ മുടങ്ങി

കാറിന് സൈഡ് നൽകാത്തതല്ല പ്രശ്നം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ വിശദീകരണവുമായി ആര്യ രാജേന്ദ്രൻ

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി

തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം