മനുഷ്യ- വന്യജീവി സംഘര്‍ഷം: നിയമത്തിന്‍റെ കരട് തയാറാകുന്നു

 
ഫോട്ടോകടപ്പാട്: നെൽസൺ, സെൻ സ്റ്റുഡിയോ, കോക്കുന്ന്.
Kerala

മനുഷ്യ- വന്യജീവി സംഘര്‍ഷം: നിയമത്തിന്‍റെ കരട് തയാറാകുന്നു

അടുത്ത മന്ത്രിസഭാ യോഗത്തിൽ കരട് ബില്ലും അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ലും അവതരിപ്പിക്കാൻ ശ്രമം

തിരുവനന്തപുരം: വനാതിര്‍ത്തി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വര്‍ധിച്ചുവരുന്ന മനുഷ്യ- വന്യജീവി സംഘര്‍ഷം തടയാൻ നിയമ നിര്‍മാണം തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ കരട് അന്തിമഘട്ടത്തിലാണെന്നും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നുമാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

സംസ്ഥാനത്തിന് നിയമ നിര്‍മാണം നടത്താനാകുമോ എന്നു പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തി. കണ്‍കറന്‍റ് പട്ടികയിലായതിനാല്‍ ആ സൗകര്യം ഉപയോഗിച്ച് നിയമ നിര്‍മാണം നടത്തുന്നത് ആലോചിക്കാമെന്നാണ് ഉപദേശം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കരട് തയാറാക്കാന്‍ നടപടി സ്വീകരിച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കരട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നിയമ നിര്‍മാണം. അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

നിലവിലുള്ള കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും കേരളത്തില്‍ പ്രായോഗികമല്ലെന്നും സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും, മനുഷ്യര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന തരത്തിൽ നിയമം നിര്‍മിക്കാനും നടപടികള്‍ സ്വീകരിക്കുന്നത്. നിലവിലെ നിയമങ്ങള്‍ വന്യജീവികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണ്. പുതിയ നിയമത്തില്‍ അതില്‍ മാറ്റമുണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു.

കരട് നിയമത്തില്‍ ഇടതുമുന്നണിയിലും മന്ത്രിസഭയിലും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് പൊതു സമൂഹത്തിന്‍റെ അഭിപ്രായങ്ങളും കണക്കിലെടുത്ത ശേഷമാകും ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കുക.

മനുഷ്യ- വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടിരുന്നു. ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പെട്ടെന്നു തന്നെ നിയമം പാസാക്കി. അതുപോലെ, കേരളത്തിലും മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാണ് ജോസ് കെ. മാണി ആവശ്യപ്പെട്ടത്.

താമരശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

"രാജ‍്യത്തിന്‍റെ പാരമ്പര‍്യവും നേട്ടങ്ങളും വിദ‍്യാർഥികളെ പഠിപ്പിക്കണം": മോഹൻ ഭാഗവത്

കേരളത്തിന്‍റെ ആത്മീയതയും ഭക്തിയും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല: ശിവൻകുട്ടി

നോയിഡയിലെ സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ വഴിത്തിരിവ്