കേരളം വീണ്ടുമൊരു പോരാട്ടത്തിന്‍റെ ചൂടിലേക്ക്.

 
Kerala

അങ്കം കുറിച്ചു, കച്ചകെട്ടി മുന്നണികൾ

ത്രിതല തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനമെത്തിയതോടെ കേരളം വീണ്ടുമൊരു പോരാട്ടത്തിന്‍റെ ചൂടിലേക്ക്

Thiruvananthapuram Bureau

പി.ബി. ബിച്ചു

തിരുവനന്തപുരം: പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പാലിറ്റി- കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നീ ത്രിതല തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനമെത്തിയതോടെ കേരളം വീണ്ടുമൊരു പോരാട്ടത്തിന്‍റെ ചൂടിലേക്ക്.

ഭരണത്തുടർച്ചയിൽ പ്രതീക്ഷ വയ്ക്കുന്ന എൽഡിഎഫിനും ഒരു ദശാബ്ദക്കാലത്തെ പ്രതിപക്ഷ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന യുഡിഎഫിനും കേരളം പിടിക്കാനിറങ്ങുന്ന എൻഡിഎയ്ക്കും സെമി ഫൈനലെന്ന നിലയിൽ ഈ തെരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ സംസ്ഥാനത്തെ പ്രമുഖ മുന്നണികൾ സ്ഥാനാർഥി നിർണയം ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് കടന്നിരുന്നു. യുഡിഎഫ് സംസ്ഥാനത്തെ 5 കോർപ്പറേഷനുകളിലേക്കുമുള്ള സ്ഥാനാർഥികളെ ഏറെക്കുറെ പ്രഖ്യാപിച്ചു. എൽഡിഎഫിൽ സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിലാണ്. വിജയസാധ്യതയുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻഡിഎയും കളം നിറഞ്ഞിട്ടുണ്ട്.

ഒപ്പം ചെറുകക്ഷികളായ ആംആദ്മി പാർട്ടി, ട്വന്‍റി ട്വന്‍റി, തൃണമൂൽ കോൺഗ്രസ്, ആര്‍എംപി, വെല്‍ഫേര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങിയവയുടെയും സ്ഥാനാർഥികളും മുന്നണികളില്ലാത്ത സ്വതന്ത്രന്മാരും വിമതരുമെല്ലാം കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ തവണ നേടിയ മേൽക്കൈ ഇത്തവണയും നിലനിർത്തിക്കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. സംസ്ഥാനത്ത് ആകെയുള്ള 6 കോർപ്പറേഷനുകളിൽ കണ്ണൂർ ഒഴികെ ബാക്കി അഞ്ചും എൽഡിഎഫിന്‍റെ കൈകളിലാണ്. ഇവ നിലനിർത്തുന്നതിനൊപ്പം കണ്ണൂർ കോർപ്പറേഷനിൽ അധികാരത്തിലെത്താനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

സിപിഎമ്മും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ഇടത് സ്ഥാനാർഥികൾ ഏതാണ്ട് പൂർണമായിട്ടുണ്ട്. പ്രതിപക്ഷം ബിജെപി പകുതിയിലേറെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു രംഗത്തിറങ്ങി.

മറ്റിടങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ നഗരസഭകളിൽ കാര്യമായി മുന്നേറ്റമുണ്ടാക്കാനാകാതിരുന്നത് ഇത്തവണ മറികടക്കാനുള്ള തന്ത്രങ്ങളും എല്ലാവരും ആവിഷ്കരിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 87 നഗരസഭകളിൽ 44 ഇടങ്ങളിൽ മാത്രമാണ് എൽഡിഎഫിന് ഭരണത്തിൽ എത്താൻ കഴിഞ്ഞത്. 41 നഗരസഭകൾ യുഡിഎഫ് ഭരിക്കുമ്പോൾ പന്തളം, പാലക്കാട് നഗരസഭകളിൽ ബിജെപിയാണ് ഭരണത്തിൽ. ത്രിതല പഞ്ചായത്തുകളിൽ 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്തും എൽഡിഎഫാണ്. 152 ബ്ലോക്ക് പഞ്ചായത്തിൽ 113ലും ഇടതു തേരാട്ടമായിരുന്നു. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 571 പഞ്ചായത്തുകളും എൽഡിഎഫിന്‍റെ കൈകളിലാണെന്നതിനാൽ ആത്മവിശ്വാസത്തോടെയുള്ള പോരാട്ടമാണ് ഭരണമുന്നണിയുടേത്. ക്ഷേമ പെൻഷൻ വർധന, സ്ത്രീകൾക്ക് 1,000 രൂപ, സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശിക, തിരുവനന്തപുരം മെട്രൊ ഉൾപ്പടെയുള്ള സർക്കാർ പ്രഖ്യാപനങ്ങളും നേട്ടമാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.

തുടർച്ചയായി പത്ത് വർഷം പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് ഇക്കുറി സംസ്ഥാന ഭരണം നേടാനുള്ള ചവിട്ടുപടിയായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്. കോർപ്പറേഷനുകളിലടക്കം ആദ്യഘട്ടത്തിൽ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുൻകൈ നേടാനാണ് ശ്രമം. പലേടത്തും തർക്കങ്ങളുണ്ടെങ്കിലും എത്രയും വേഗം സ്ഥാനാർഥി നിർണയും പൂർത്തിയാക്കണമെന്ന നിർദേശമാണ് യുഡിഎഫ് നേതൃത്വം താഴത്തട്ടിലേക്ക് നൽകിയിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മുൻ എംഎൽഎ കെ.എസ്. ശബരീനാഥിനെയും യുവാക്കളെയും അണിനിരത്തി പുതിയ ട്രെൻഡ് പ്രഖ്യാപിച്ചു കഴിഞ്ഞു.

കൊച്ചി അടക്കമുള്ള കോർപ്പറേഷനുകൾ തിരിച്ചുപിടിക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. ഇടതുമായി ചേർന്നിരിക്കുന്ന കോർപ്പറേഷനുകൾ പിടിക്കാൻ സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്കാണ് ഓരോ കോർപ്പറേഷനുകളുടെയും ചുമതല നൽകിയിരിക്കുന്നത്. കെ. മുരളീധരൻ തിരുവനന്തപുരത്തും കോഴിക്കോട് രമേശ് ചെന്നിത്തലയും ക്യാംപ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 941 പഞ്ചായത്തുകളിൽ ആകെ 351 പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് അധികാരത്തിലുള്ളതെന്നതിനാൽ ത്രിതല പഞ്ചായത്തുകൾക്കായി പ്രത്യേക മാസ്റ്റർ പ്ലാനും തയാറായിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരം പ്രധാന ആയുധമാക്കിയാണ് യുഡിഎഫ് പ്രചാരണം. ഇതിനൊപ്പം അടുത്തക്കാലത്തെ ശബരിമല സ്വർണക്കൊള്ളയും ആരോഗ്യ മേഖലയിലെ വിവാദങ്ങളും യുഡിഎഫ് പ്രചരണായുധമാക്കിക്കഴിഞ്ഞു.

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മുന്നിട്ടു നിന്ന നിയോജക മണ്ഡലങ്ങളിലടക്കം പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടികൾ ആവിഷ്കരിച്ച് കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പിടിക്കുന്നതിനാണ് ബിജെപി നീക്കം. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായി വിലയിരുത്തുന്ന തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ ഇത്തവണ ഭരണം ഉറപ്പിച്ചാണ് പ്രവർത്തനം. പന്തളം, പാലക്കാട് നഗരസഭകളിലാണ് നിലവിൽ ബിജെപി ഭരണത്തിലുള്ളത്. ഇതിനപ്പുറം നഗരസഭകളിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ബിജെപി ഭരണത്തിലുണ്ടായിരുന്ന പല പഞ്ചായത്തുകളും കഴിഞ്ഞ തവണ നഷ്ടപ്പെട്ടിരുന്നു. ഇവ തിരിച്ചുപിടിക്കുന്നതിനൊപ്പം ത്രിതല പഞ്ചായത്തുകളിൽ കൂടുതൽ ഇടങ്ങളിൽ വിജയം ഉറപ്പിക്കാനും മുന്നണി ലക്ഷ്യമിടുന്നു. വന്ദേ ഭാരത് അടക്കമുള്ള കേന്ദ്ര സർക്കാർ നേട്ടങ്ങൾ ഉയർത്തികാട്ടിയാകും പ്രചാരണം. ഇതിനൊപ്പം ശബരിമല സ്വർണക്കൊള്ളയും ആയുധമാക്കും.

ഡൽഹി സ്ഫോടനം: മരണസംഖ്യ ഉയരുന്നു

ഡൽഹി സ്ഫോടനം: കേരളത്തിൽ സുരക്ഷ ശക്തം

ഡൽഹി സ്ഫോടനം: അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി

മഹാരാഷ്ട്രയിൽ അതീവ ജാഗ്രത; മുംബൈയിൽ സുരക്ഷ ശക്തം

ഡൽഹിയിൽ സ്ഫോടനം: 13 പേർ മരിച്ചു