മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ചും ലഹരി വ്യാപനത്തെക്കുറിച്ചുമുള്ള ചർച്ചയ്ക്കിടെ പരസ്പരം പോരടിച്ച് കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും. സഭ നിർത്തി വച്ച് നടത്തിയ ചർച്ചയിൽ ചെന്നിത്തലയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രസംഗത്തിനിടെ പല തവണ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് ആവർത്തിച്ചതാണ് മുഖ്യമന്ത്രിയ ചൊടിപ്പിച്ചത്. ഇദ്ദേഹം ഓരോ തവണയും മിസ്റ്റർ ചീഫ് മിനിസ്റ്റർ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോ. ഇടയ്ക്കിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാൽ പോര നാട് നേരിടുന്ന പ്രശ്നമെന്താണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ ചെന്നിത്തലയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എത്തി. നിങ്ങളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി, നിങ്ങളാണ് ആഭ്യന്തര മന്ത്രി നിങ്ങളെ കുറ്റപ്പെടുത്തും. അതിനിത്ര അസഹിഷ്ണുത എന്തിനാണെന്ന് സതീശൻ ചോദിച്ചു.
താൻ എന്ത് പ്രസംഗിക്കണമെന്ന് പറയേണ്ടത് മുഖ്യമന്ത്രി അല്ലെന്നും മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നത് അൺപാർലമെന്‍ററി അല്ലെന്നും ചെന്നിത്തലയും തിരിച്ചടിച്ചു.
ഒൻപത് വർഷം ഭരിച്ചിട്ടും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ എല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. സർക്കാരാണ് അതിന് ഉത്തരവാദി. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസും ഷഹബാസിന്‍റെ കൊലപാതകവും ഞെട്ടിപ്പിക്കുന്നതാണ്. കേരളം ഒരു കൊളംബിയ ആയി മാറുകയാണോ. കേരളത്തിലെ യുവാക്കളുടെ ജീവിതത്തെ ലഹരി നശിപ്പിക്കുകയാണെന്നും യുവത്വം പുകഞ്ഞ് ഇല്ലാതാകുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കലാലയങ്ങളിൽ എസ്എഫ്ഐ നേതൃത്വത്തിലാണ് റാഗിങ്. തിരുത്താൻ മുഖ്യമന്ത്രി തയാറാകുന്നുമില്ല. അത് ശരിയായ നിലപാട് അല്ല. ടിപി വധക്കേസിലെ പ്രതികൾക്ക് മൂന്നു വർഷത്തോളം പരോൾ നൽകിയ സർക്കാർ എന്ത് സന്ദേശമാണ് കേരളത്തിന് നൽകുന്നതെന്നും ചെന്നിത്തല ചോദിച്ചു.