ഇനി അതീവ സുരക്ഷാജയിൽ ഏകാന്ത സെല്ലിൽ വാസം; ഗോവിന്ദച്ചാമിയെ വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. സായുധ പൊലിസിന്‍റെ അകമ്പടിയോടെ, കനത്ത സുരക്ഷയൊരുക്കിയായിരുന്നു ഗോവിന്ദച്ചാമിയെ വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്.
കേരളത്തിലെ കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന അതീവ സുരക്ഷാ ജയിലിൽ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക. 535 കൊടും കുറ്റവാളികളെ പാർപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. റിപ്പർ ജയാനന്ദനും ചെന്താമരയുമടക്കം വിയ്യൂരിലാണ് തടവിൽ കഴിയുന്നത്.
ഇവിടത്തെ സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാന്‍ പോലും സെല്ലിനു പുറത്തേക്കിറക്കില്ല. 4.2 മീറ്ററാണ് സെല്ലിന്‍റെ ഉയരം. 6 മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവിലാണ് വിയ്യൂരില്‍ ചുറ്റുമതില്‍ പണിതിരിക്കുന്നത്.
വെള്ളിയാഴ്ച (July 25) പുലര്‍ച്ചയോടെയാണ് ഗോവിന്ദച്ചാമി കണ്ണൂരിലെ അതിസുരക്ഷാ ജയിൽ ചാടുന്നത്. സംഭവത്തിൽ സുരക്ഷാവീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ 4 ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. സെൻട്രൽ ജയിലിലെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തനക്ഷമമല്ല എന്നത് ഉൾപ്പെടെയുള്ളവ പരിശോധനകൾ നടത്തും.