"മരണം പോലും സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു"; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്‍റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് കേരള പൊലീസ്. മനുഷ്യന്‍റെ ദുഃഖവും, മരണവും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറിയിരിക്കുന്നുവെന്നും ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാമെന്നും കേരള പൊലീസ് ഔദ്യോഗിക ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഓർമിപ്പിക്കുന്നു.
കുറിപ്പ് ഇങ്ങനെ...
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്🥲
മനുഷ്യന്‍റെ ദുഃഖവും, മരണവും, നാടിന്‍റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്‍റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 - Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.