ബാറ്ററി എനർജി സ്‌റ്റോറേജ് സംവിധാനം വേഗത്തിലാക്കാൻ നിർദേശം.
Representative image
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യത്തിൽ ബാറ്ററി എനർജി സ്‌റ്റോറേജ് സംവിധാനം വേഗത്തിലാക്കണമെന്ന് കെഎസ്ഇബിക്ക് നിർദേശം നൽകി റെഗുലേറ്ററി കമ്മിഷൻ. പീക്ക് സമയത്തെ ആവശ്യത്തിന് സമാന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് ഗൗരവമുള്ളതാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കരാർ കൃത്യമായി പാലിക്കാനാകാത്തത് എന്തുകൊണ്ടെന്നും കമ്മിഷൻ ആരാഞ്ഞു. ഹ്രസ്വകാലകരാറുകൾ വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അനുമതി തേടിയുള്ള കെഎസ്ഇബിയുടെ അപേക്ഷ പരിഗണിക്കവെയായിരുന്നു റഗുലേറ്ററി കമ്മിഷൻ നിർദേശങ്ങൾ മുന്നിൽവച്ചത്.
ഈ മാസം മുതൽ സംസ്ഥാനത്ത് ബാറ്ററി സ്റ്റോറേജിൽ നിന്ന് പീക്ക് സമയ വൈദ്യുതി കിട്ടേണ്ടതാണ്. ഇനിയും അതു വൈകാൻ പാടില്ല. പകൽ ജലവൈദ്യുതി നാമമാത്രമാക്കി ഉയർന്ന ഉപഭോഗമുള്ള സമയത്ത് പൂർണശേഷിയിൽ വൈദ്യുതി ഉത്പാദിപ്പിക്കണം. പകൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്‍റെ കണക്കുകൾ പരിശോധിച്ചായിരുന്നു കമ്മിഷന്‍റെ നിർദേശം. കെഎസ്ഇബിയുടെ ആസൂത്രണത്തിലെ വീഴ്ചകൾ കാരണമുള്ള അധികചെലവുകൾ ഉപഭോക്താക്കളുടെ താരിഫിൽ പ്രതിഫലിക്കുന്നത് അനുവദിക്കാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
ഈ മാസം മുതൽ അടുത്തവർഷം മേയ് വരെ യൂണിറ്റിന് 9.40 രൂപ മുതൽ 12.50 രൂപ വരെ നൽകി ഒമ്പതു കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. മഴക്കുറവും ഉയരുന്ന വൈദ്യുതി ആവശ്യകതയും അടക്കം ഹ്രസ്വകാല കരാറുകൾ അനിവാര്യമായതിന്‍റെ സാഹചര്യം കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഹ്രസ്വകാല കരാറുകൾ വഴിയടക്കം 1190 കോടിയുടെ വിലകൂടിയ വൈദ്യുതി വാങ്ങിയതിന്‍റെ കണക്കുകളും സമർപ്പിച്ചു. പുതിയ ഹ്രസ്വകാല കരാറുകളുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കെഎസ്ഇബിയോട് റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.