വിവാദ കേന്ദ്രമായി കേരള പിഎസ്‌സി.

 

File photo

Kerala

പിഎസ്‌സി പരീക്ഷയിൽ ഞെട്ടിക്കുന്ന ക്രമക്കേട്; ഉത്തരങ്ങൾ പലതും മൂല്യനിർണയം നടത്തിയില്ല!

ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തിക പരീക്ഷയിൽ നിരവധി ഉത്തരങ്ങൾ വിലയിരുത്താതെ ഉപേക്ഷിച്ചതായി ഉദ്യോഗാർഥികളുടെ പരാതി

Thiruvananthapuram Bureau

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിൽ അതീവ കൃത്യത പുലർത്തേണ്ട പിഎസ്‌സിയുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായി പരാതി. ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് പിഎസ്‌സിക്ക് പിഴവ് സംഭവിച്ചിരിക്കുന്നത്. പരീക്ഷയിൽ ഉദ്യോഗാർഥികൾ എഴുതിയ നിരവധി ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ മനഃപൂർവം ഉപേക്ഷിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ ഫീസടച്ച് ഉത്തരക്കടലാസിന്‍റെ പകർപ്പ് പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന ക്രമക്കേട് വെളിച്ചത്തുവന്നത്. ആലപ്പുഴ മുഹമ്മ സ്വദേശിയായ ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസിൽ മാത്രം ഒമ്പതുമുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ല. ആകെയുള്ള നൂറു മാർക്കിൽ 58 മാർക്കും ഈ ചോദ്യങ്ങൾക്കുള്ളതാണ്. എന്നാൽ, ബാക്കിയുള്ള ചോദ്യങ്ങൾക്ക് മാത്രമാണ് ഉദ്യോഗാർഥിക്ക് മാർക്ക് നൽകിയിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിതലത്തിൽ ഉയർന്ന ശമ്പളസ്കെയിലുള്ള തസ്തികയിലേക്ക് 2022-ലാണ് വിജ്ഞാപനം വന്നത്. 2023 ജൂലൈയിൽ പരീക്ഷ നടക്കുകയും 2025 മേയ് 31-ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. മൂല്യനിർണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിന്‍റെ പകർപ്പിനായി അന്ന് തന്നെ അപേക്ഷ നൽകിയെങ്കിലും, ഒരു വർഷത്തോളമെടുത്താണ് പിഎസ്‌സി അത് നൽകിയത്.

തങ്ങളുടെ ഭാവി നിർണയിക്കുന്ന പരീക്ഷകളിൽ ഇത്രത്തോളം അനാസ്ഥ കാണിക്കുന്ന പിഎസ്‌സിയുടെ നടപടിക്കെതിരെ ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ശരിയായ രീതിയിൽ മൂല്യനിർണയം നടത്തി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. പിഎസ്‌സിയുടെ ഇത്തരം വീഴ്ചകൾ ഉദ്യോഗാർഥികളുടെ കടുത്ത ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും