കൈതപ്രം ദാമോദരൻ നമ്പൂതിരി, ജയപ്രകാശ് കുളൂര്‍, വേണുജി
തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ 2025ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യന്‍ വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നാടക സംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂര്‍ എന്നിവര്‍ക്കാണു സമഗ്ര സംഭാവനയ്ക്കുള്ള ഫെലോഷിപ്പ്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
2025ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു. ഇവർക്ക് 30,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും ലഭിക്കും. പുരസ്‌കാര സമര്‍പ്പണ തിയതി പിന്നീട് പ്രഖ്യാപിക്കും. വാർത്താ സമ്മേളനത്തിൽ അക്കാഡമി ചെയര്‍പെഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി, വൈസ് ചെയര്‍പെഴ്‌സണ്‍ പി.ആര്‍. പുഷ്പവതി, അക്കാഡമി നിർവാഹക സമിതി അംഗം രേണു രാമനാഥ് എന്നിവർ പങ്കെടുത്തു.
അവാര്‍ഡുകൾ: ഡോ. എന്‍.ജെ. നന്ദിനി (ശാസ്ത്രീയസംഗീതം), സി.എസ്.അനുരൂപ് (വയലിന്‍), പ്രൊഫ. കലാമണ്ഡലം കൃഷ്ണകുമാര്‍(മൃദംഗം), ഷോമി ഡേവിസ്(ഡ്രംസ്, പാശ്ചാത്യവാദ്യങ്ങള്‍), ജെന്‍സി (ലളിതസംഗീതം), ഗായത്രി അശോകന്‍(ഹിന്ദുസ്ഥാനി ക്ലാസിക്കല്‍), കക്കാട് രാജപ്പന്‍ മാരാര്‍ (ചെണ്ട), ചിത്ര സുകുമാരന്‍ (മോഹിനിയാട്ടം), ബി.കെ. ഷഫീഖുദ്ദീന്‍ (ഭരതനാട്യം), മനോജ് നാരായണന്‍ (നാടകം, സംവിധാനം), സീത ശശിധരന്‍ (നൃത്തം), വിജയന്‍ കടമ്പേരി (നാടകം - രംഗശിൽപ്പം), രാജീവ് നരിക്കല്‍ (കഥാപ്രസംഗം), ഡോ. ജോയ് കൃഷ്ണന്‍ (കേരള നടനം), സൈനന്‍ കെടാമംഗലം (മിമിക്രി).
ഗുരുപൂജാ പുരസ്‌കാരങ്ങൾ: സി.എസ്. നാരായണന്‍ നമ്പൂതിരി (കർണാടക സംഗീതം-വായ്പാട്ട്), പ്രൊഫ. ആര്‍. മനോജ് കുമാര്‍ തൊടുപുഴ (വയലിന്‍), കരുനാഗപ്പളളി കൃഷ്ണന്‍കുട്ടി, മോഹന്‍ കൃഷ്ണന്‍ എറണാകുളം ( ഇരുവരും നാടകം), മനോജ് കോതമംഗലം, കെ.സി. കൃഷ്ണന്‍ പയ്യന്നൂര്‍, ശിവന്‍ അയോധ്യ ആലപ്പുഴ, ഉഷാധരന്‍, (നാലു പേരും നാടകം - നടന്‍), കലാമണ്ഡലം സന്ധ്യ രാമചന്ദ്രന്‍, എൻ. സുലോചന കോട്ടയം, എല്‍. തങ്കമ്മ (ആലപ്പി തങ്കം), സി.ആര്‍. രമാദേവി (നാലു പേരും നാടകം - നടി), പറവൂര്‍ വിശ്വനാഥന്‍ ആലപ്പുഴ (പുല്ലാങ്കുഴല്‍), കവിയൂര്‍ സദാശിവ മാരാര്‍ (പഞ്ചവാദ്യം, തിമില), ആര്യാട് വല്ലഭദാസ് (കഥാപ്രസംഗം), കെ.ആര്‍. മോഹന്‍ദാസ് കോഴിക്കോട് (നാടക സംവിധാനം), കലാഭവന്‍ റഹ്മാന്‍ (മിമിക്രി), പേരാമംഗലം വിജയന്‍ (കൊമ്പ്), തേക്കടി രാജന്‍ (ലളിതസംഗീതം), ഏഷ്യാഡ് ശശി മാരാര്‍ (ഇലത്താളം), തേക്കട ശ്യാംലാല്‍, ശാലു മേനോന്‍ ( ഇരുവരും നൃത്തനാടകം), കലാനിലയം ഗോപി, കലാമണ്ഡലം ശ്രീകുമാര്‍ (ഇരുവരും കഥകളി വേഷം), തൃശൂര്‍ ജനാർദനന്‍ (സംഗീതം, നൃത്തം).
അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശിൽപ്പിക്കുള്ള 2025ലെ ചിറയിന്‍കീഴ് ഡോ. ജി ഗംഗാധരന്‍ നായര്‍ പുരസ്‌കാരം നിധീഷ് പൂക്കാടിന് ലഭിച്ചു. 30,000 രൂപയും ശിൽപ്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. ചിറയിന്‍കീഴ് ഡോ.ജി ഗംഗാധരന്‍ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ പത്‌നി കെ. കാഞ്ചനയാണ് അക്കാഡമിയുമായി സഹകരിച്ച് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.