പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളത്തിനു പകരം ഹരിത കുപ്പികളുമായി കേരളം 
Kerala

പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളത്തിനു പകരം ഹരിത കുപ്പികളുമായി കേരളം

കുപ്പിവെള്ളത്തിന്‍റെ ഉദ്ഘാടനം ഈ മാസം പകുതിയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജലസേചന മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി വിഭാവനം ചെയ്തത്.

തിരുവനന്തപുരം: പ്ലാസ്റ്റിക് ബോട്ടിലിന് ബദലായി, ജൈവിക രീതിയിൽ നിർമാർജനം ചെയ്യാൻ സാധിക്കുന്ന ഹരിതകുപ്പികൾ (കംപോസ്റ്റബിൾ ബോട്ടിൽ) വിപണിയിൽ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് (കെഐഐഡിസി- കിഡ്ക്) നിർമാണച്ചുമതല. സർക്കാർ പുറത്തിറക്കുന്ന 'ഹില്ലി അക്വാ' ബ്രാൻഡിനു കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക.

കുപ്പിവെള്ളത്തിന്‍റെ ഉദ്ഘാടനം ഈ മാസം പകുതിയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജലസേചന മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി വിഭാവനം ചെയ്തത്. 2019ൽ മുംബൈയിൽ നടന്ന എക്‌സിബിഷനിൽ ഗ്രീൻ ബയോ പ്രോഡക്ടസ് വികസിപ്പിച്ച കംപോസ്റ്റബിൾ ബോട്ടിലിനെക്കുറിച്ചുള്ള വാർത്ത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും നിർമാതാക്കളെ കേരളത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു.

നൂറു ശതമാനവും ജൈവ ഉന്മൂലനം സാധ്യമാകുന്ന ഇത്തരം കുപ്പികൾ കാഴ്ചയിൽ പ്ലാസ്റ്റിക്ക് കുപ്പികളെ പോലെ ഉണ്ടാകും. ഹരിതകുപ്പികൾ നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അംഗീകാരത്തിനു പുറമെ ഐഎസ്ഒ, ടിയുവി തുടങ്ങിയ ദേശീയ, അന്തർദേശീയ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്റ്റ് സ്പെഷ്യലിസ്റ്റ് സർവീസസ് എന്ന സ്റ്റാർട്ടപ്പിന്‍റെ ഉപവിഭാഗമായ ഗ്രീൻ ബയോ പ്രോഡക്ടസാണ് കംപോസ്റ്റബിൾ ബോട്ടിലുകൾ നിർമിക്കുന്നതിന് ആവിശ്യമായ അസംസ്‌കൃത വസ്തുക്കൾ നൽകുന്നത്. ഇതിനായി കിഡ്‍ക്കും എയ്റ്റ് സ്പെഷ്യലിസ്റ്റ് സർവീസസും തമ്മിൽ ധാരണയിലെത്തി.

കംപോസ്റ്റബിൾ ബോട്ടിലുകൾക്ക് പ്ലാസ്റ്റിക്ക് കുപ്പിയേക്കാൾ നിർമാണ ചെലവ് അധികമായിരിക്കും. പൊതു ഇടങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിനോദസഞ്ചാര മേഖലകൾ എന്നിവ ഉൾപ്പടെ സമൂഹത്തിലെ സമസ്ത മേഖലയിലേക്കും ഹരിതകുപ്പിവെള്ളം വിതരണം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ