''യുവതിയെ ബ്രഷ് ഇല്ലാതെ ക്ലോസറ്റ് കഴുകിച്ചു'', തൊഴിൽ പീഡനത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തൽ

 

Freepik

Kerala

''യുവതിയെ ബ്രഷ് ഇല്ലാതെ ക്ലോസറ്റ് കഴുകിച്ചു'', തൊഴിൽ പീഡനത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തൽ

കൂടെ ജോലി ചെയ്യുന്ന ആൺകുട്ടികളുടെ അടിവസ്ത്രം കഴുകേണ്ടി വന്നിട്ടുണ്ടെന്നും തിരുവനന്തപുരം സ്വദേശിനി

കൊച്ചി: മാർക്കറ്റിങ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിലെ കൂടുതൽ തൊഴിൽ പീഡന കഥകൾ പുറത്തുവരുന്നു. ഉത്പന്നങ്ങൾക്ക് വില നിർണയിക്കുന്നതിലും വൻ തട്ടിപ്പ് നടക്കുന്നതായി സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി അരുൺ കുമാർ പറയുന്നു.

കൂടിയ വിലയ്ക്ക് സാധനങ്ങൾ വിറ്റാലും ജീവനക്കാർക്ക് വളരെ തുച്ഛമായ കമ്മീഷനാണ് നൽകിയിരുന്നതെന്നാണ് അരുൺകുമാർ പറയുന്നത്. ടാർഗറ്റ് തികയ്ക്കാത്തതിന് ടോയ്‌ലെറ്റിൽ ഉമ്മ വെപ്പിച്ചതടക്കം, ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ജീവനക്കാർ നേരിടേണ്ടി വന്ന ക്രൂരമായ തൊഴിൽ പീഡനങ്ങളെക്കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലാണ് അരുൺകുമാർ നേരത്തെ നടത്തിയത്.

പച്ചമുളക് തീറ്റിക്കുക, ഉപ്പുകല്ലിനു മുകളിൽ മുട്ടുകുത്തി നിർത്തുക തുടങ്ങിയ പീഡന മുറകൾ സഹിക്കാൻ കഴിയാതെയാണ് താൻ ജോലി ഉപേക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ യുവതിയും ഇത്തരത്തിലുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കൂടെ ജോലി ചെയ്യുന്ന ആൺകുട്ടികളുടെ അടിവസ്ത്രം കഴുകേണ്ടി വന്നിട്ടുണ്ടെന്നും, ബ്രഷ് ഇല്ലാതെ കൈ ഉപയോഗിച്ച് ക്ലോസറ്റ് കഴുകിച്ചെന്നും അവർ പറയുന്നു.

മാനെജറായയപ്പോൾ ട്രെയിനികളെ ഈ രീതിയിൽ ശിക്ഷിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

ടാർഗറ്റ് തികയ്ക്കാത്തതിനുള്ള ശിക്ഷയായി ബെൽറ്റ് കഴുത്തിനു ചുറ്റി മുട്ടിന് ഇഴയിക്കൽ, നാക്കുകൊണ്ട് നാണയം എടുപ്പിക്കൽ, വായിൽ ഉപ്പ് നിറച്ച് മണിക്കൂറുകളോളം നിർത്തൽ തുടങ്ങി നിരവധി പീഡന രീതികളാണ് മാനെജർമാരുടെ നേതൃത്വത്തിൽ നടത്തിയിരുന്നതെന്നാണ് സൂചന.

എച്ച്പിഎല്ലിന്‍റെ ഫ്രാഞ്ചൈസിയായ കെൽട്രോയിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി സുബീഷ് തൊഴിലിടത്തെ പീഡനം സഹിക്കാനാകാതെ ജീവനൊടുക്കിയെന്ന ആരോപണവുമായി കുടുംബവും രംഗത്തെത്തിയിരുന്നു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം