Kerala

അക്ഷര നഗരിയിൽ സിനിമാ വസന്തം തീർത്ത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശീല വീണു

കോട്ടയം: ലോക സിനിമയുടെ വിസ്മയ കാഴ്ചകളുമായി 5 ദിവസം ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശീല വീണു. മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളാലും സിനിമാ സ്നേഹികളുടെ പങ്കാളിത്തം കൊണ്ടും സജീവമായിരുന്നു മേള. ചൊവ്വാഴ്ച വൈകിട്ട് 5ന് അനശ്വര തിയറ്ററിൽ സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോട്ടയത്തെ ഈ മേള ജനപങ്കാളിത്തം കൊണ്ട് ഒരു ചരിത്രമായെന്ന് എം.എൽ.എ പറഞ്ഞു. തുടർന്ന് ചലച്ചിത്ര പ്രേമികൾ വിവിധ നിറങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ടു. 

വരും വർഷങ്ങളിലും കോട്ടയം രാജ്യാന്തരമേളയുടെ സ്ഥിരം വേദിയാക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ പറഞ്ഞു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സംവിധായകരായ ജയരാജ്, പ്രദീപ് നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺ കുമാർ , ഛായാഗ്രാഹകരായ വിനോദ് ഇല്ലമ്പള്ളി, നിഖിൽ എസ്. പ്രവീൺ, ഫൗസിയ ഫാത്തിമ , ചലച്ചിത്ര അക്കാദമി നിർവാഹക സമിതി അംഗം പ്രകാശ് ശ്രീധർ, ഡെപ്യൂട്ടി ഡയറക്റ്റർ എച്ച്. ഷാജി,

സംഘാടക സമിതി കോ - ഓർഡിനേറ്റർ സജി കോട്ടയം, പി.കെ. ആനന്ദക്കുട്ടൻ, രാഹുൽ രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

കോട്ടയത്തിന് പുറമേ സമീപ ജില്ലകളിൽനിന്നും നിരവധി ചലച്ചിത്ര ആസ്വാദകരും മേളയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വൈകുന്നേരങ്ങളിൽ നടന്ന ഓപ്പൺ ഫോറങ്ങളിലും ചലച്ചിത്ര പ്രേമികളുടേയും വിദ്യാർഥികളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സമാപന ചിത്രമായി ഇറാനിയൻ സിനിമ ജാഫർ പനാഹിയുടെ 'നോ ബിയേഴ്‌സ്' പ്രദർശിപ്പിച്ചു. ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ, സെർബിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 39 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. മലയാള ചലച്ചിത്രങ്ങൾക്കും മേളയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. 

കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് അനശ്വര, ആഷ തിയറ്ററുകൾ, സി.എം.എസ് കോളെജ് എന്നിവിടങ്ങളിലായി ചലച്ചിത്രമേള സംഘടിപ്പിച്ചത്.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ