മുജീബ് റഹ്മാൻ
കൊച്ചി: ഐഎൻഎസ് വിക്രാന്തിന്‍റെ വിവരങ്ങൾ തേടി കൊച്ചി നേവൽ ബേസിലേക്ക് ഫോൺ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയോടെയാണ് ഇയാളെ കോഴിക്കോട്ട് വച്ച് പിടികൂടിയത്. തുടർന്ന് കൊച്ചിയിലെത്തിച്ച് ചോദ‍്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി നേവൽ ബേസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നു പറഞ്ഞ് ഫോൺ കോൾ എത്തിയത്. രാഘവൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷന്‍ ആവശ‍്യപ്പെടുകയായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ നേവൽ ബേസ് അധികൃതർ പരാതി നൽകിയതിനെത്തുടർന്നാണ് ഹാർബർ പൊലീസ് കേസെടുത്തത്. ഇന്ത‍്യ - പാക്കിസ്ഥാൻ ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഫോൺ കോൾ എത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കൊച്ചി സിറ്റി കമ്മിഷണർ പുട്ട വിമലാദിത‍്യ പറഞ്ഞു. 2021 മുതൽ മാനസിക രോഗത്തിന് ചികിത്സ തേടിയതായും മൊഴികൾ പരസ്പര വിരുദ്ധമാണെന്നും അദ്ദേഹം വ‍്യക്തമാക്കി. ബിഎൻഎസ് 319 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.