സണ്ണി ജോസഫ്| രമ്യ ഹരിദാസ്
തിരുവനന്തപുരം: ചിറയിൻകീഴ് പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കൈയാങ്കളിയെത്തുടർന്ന് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന രമ്യ ഹരിദാസ് എംഎൽഎയുടെ ആവശ്യത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. സസ്പെൻഷനിലുള്ള ഒരാളെ അഡീഷണൽ പിഎ ആയി നിയമിക്കാൻ കത്ത് നൽകിയത് ഒരു തരത്തിലും അഭികാമ്യമല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ ഇത്തരമൊരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്നതാണ് കെപിസിസിയുടെ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രദീപിനെ മുൻകാല പ്രാബല്യത്തോട് അഡീഷണൽ സ്റ്റാഫ് ആയി നിയമിക്കണമെന്നാവശ്യപ്പെട്ടാണ് രമ്യ സ്പീക്കർക്ക് കത്ത് നൽകിയത്.
2026 മേയ് 21 മുതലുള്ള മുൻകാല പ്രാബല്യത്തോടെ സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. എന്നാൽ ഈ വിഷയത്തിൽ കത്ത് നൽകേണ്ടത് നിയമസഭ സെക്രട്ടറിയെയാണെന്ന് വ്യക്തമാക്കി സ്പീക്കർ കത്ത് തള്ളിയിരുന്നു.
പാളയം പ്രദീപിനെതിരേ ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ എംഎൽഎക്കൊപ്പം പാളയം പ്രദീപും പങ്കെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഇക്കാര്യം ചൂണ്ടിക്കാട്ടിയ സജാദിന്‍റെ വീട്ടിൽ വച്ചാണ് കൈയാങ്കളിയുണ്ടായത്. പ്രദീപ് പണ്ടുമുതലേ തന്‍റെ സ്റ്റാഫ് ആണെന്നും ഇപ്പോഴും സ്റ്റാഫ് ആണെന്നുമായിരുന്നു രമ്യ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സ്റ്റാഫിന്‍റെ പട്ടികയിൽ പാളയം പ്രദീപിന്‍റെ പേരില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.