കെ.എസ്. ശബരിനാഥൻ | പി.കെ. പ്രശാന്ത്

 
Kerala

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ട്, പിന്നെന്തിന് കോർപ്പറേഷൻ കെട്ടിടത്തിൽ തുടരണം; പ്രശാന്ത് എംഎൽഎക്കെതിരേ ശബരിനാഥൻ

കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലിൽ രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട ആര്‍. ശ്രീലേഖ നടത്തിയ ഇടപെടലില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.എസ്. ശബരിനാഥന്‍. എംഎൽഎ ​ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നും ശബരീനാഥൻ ചോദിക്കുന്നു.

സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ശബരീനാഥന്‍റെ പ്രതികരണം. നിയമസഭയുടെ എംഎൽഎ ഹോസ്റ്റലുള്ളത് വി.കെ. പ്രശാന്തിന്‍റെ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലിൽ നിള ബ്ലോക്കിൽ 31,32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്.

ഇത്രയും സൗകര്യങ്ങളുള്ള എംഎൽഎ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്? അതുകൊണ്ടുതന്നെ പ്രശാന്ത് ഓഫീസ് ഒഴിയണം എന്നും ശബരീനാഥൻ കുറിക്കുന്നു.

കുറിപ്പിന്‍റെ പൂർണരൂപം....

ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ ഓഫീസില്‍ MLA യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാര്‍ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നില്‍ക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള്‍ ആര്യനാട് ഒരു വാടകമുറിയില്‍ മാസവാടക കൊടുത്തു പ്രവര്‍ത്തിച്ചത്.

പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റല്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ MLA ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫീസ് മുറികള്‍ അങ്ങയുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്?

ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.

ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണം, ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; കേന്ദ്രത്തിന് നോട്ടീസ് അയച്ചു

''ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, ശബരിനാഥിന്‍റെ സൗകര്യത്തിനല്ല''; മറുപടിയുമായി വി.കെ. പ്രശാന്ത്

ഉന്നാവോ പീഡനക്കേസിൽ കുല്‍ദീപ് സിങ്ങിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

അഗളിയിൽ വീണ്ടും ട്വിസ്റ്റ്; യുഡിഎഫ് ചിഹ്നത്തിൽ മത്സരിച്ച് എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്‍റായ മഞ്ജു രാജിവച്ചു

വിമാനത്താവളത്തിൽ തടിച്ചുകൂടി ആരാധകർ; തിക്കിലും തിരക്കിലും പെട്ട് നിലത്തു വീണ് വിജയ്, ഭയന്ന് പിന്മാറി മമിത | video