തിരുവനന്തപുരം: കെഎസ്ആർടിസി നവീന പദ്ധതികളുടെ ഭാഗമായി കൊറിയർ & ലോജിസ്റ്റിക്സ് പദ്ധതി നടപ്പിലാക്കുന്നു. ജൂൺ 15 രാവിലെ 11.00 മണിക്ക് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാൻ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആർടിസി. കേരളത്തിൽ എമ്പാടും സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അതിനാൽ തന്നെ 16 മണിക്കൂറിനുള്ളിൽ കേരളത്തിൽ എവിടേയും കൊറിയർ/പാഴ്സൽ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത നിർവഹിക്കും. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കെഎസ്ആർടിസി ജോയന്‍റ് എം.ഡി പ്രമേജ്, കൗൺസിലർമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.