നവകേരള ബസ് ഇനി കെഎസ്ആർടിസി സ്വിഫ്റ്റ് File
Kerala

നവകേരള ബസ് ഇനി 'സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്'; വീണ്ടും സർവീസിനിറക്കാൻ കെഎസ്ആർടിസി

1.6 കോടി രൂപയ്ക്കാണ് അത്യാഡംബര സൗകര്യങ്ങളും ടോയ്ലറ്റുമടങ്ങിയ ബസ് വാങ്ങിയത്.

Ardra Gopakumar

തിരുവനന്തപുരം: നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന ആഡംബര ബസ് വീണ്ടും സർവീസിനിറക്കാൻ കെഎസ്ആർടിസി. നേരത്തേ ഗരുഡ പ്രീമിയം ലക്ഷുറി ബസായി കോഴിക്കോട് ബംഗളുരു റൂട്ടിൽ നവകേരള ബസ് സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാർ കൈയ്യൊഴിഞ്ഞതോടെ ‌വീണ്ടും കട്ടപ്പുറത്തായി. മാസങ്ങൾ നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷം മാറ്റങ്ങളോടെ രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർഡീലക്സ് എസി ബസായി നിരത്തിലിറക്കാനാണ് നീക്കം.

നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കുന്നതിനായി ഭാരത് ബൻസിൽ നിന്ന് 1.6 കോടി രൂപയ്ക്കാണ് അത്യാഡംബര സൗകര്യങ്ങളും ടോയ്ലറ്റുമടങ്ങിയ ബസ് വാങ്ങിയത്. വിവിധ ഘട്ടങ്ങളിലായി മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ 26 സീറ്റാണ് നവകേരളബസിലുണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തും. ബസിനുപുറകിൽ വാതിൽമുതലുള്ള ഭാഗം ടോയ്‌ലറ്റും വാഷിങ് ഏരിയയുമായിരുന്നു. അത് പൊളിച്ചുമാറ്റി ടോയ്‌ലറ്റ് ചെറുതാക്കി പകരം അവിടെ യാത്രക്കാർക്കുള്ള സീറ്റുകൾ ഒരുക്കും.

1171 രൂപയായിരുന്നു കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാനിരക്ക്. വിഐപി പദവി ഇല്ലാതാവുന്നതോടെ യാത്രാനിരക്കും കുറയും. ഇനി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എസി ബസിന്‍റെ ടിക്കറ്റ് എടുത്ത് യാത്രചെയ്യാം. നിരക്ക് പകുതിയോളമാകുമെന്നാണ് കണക്കൂകൂട്ടൽ. മുഖ്യമന്ത്രിക്ക്‌ ഉൾപ്പെടെ കയറാൻവേണ്ടി സജ്ജീകരിച്ച വാഹനമായതിനാൽ മുൻഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പുറകിൽ ഓട്ടോമാറ്റിക് വാതിലുമായിരുന്നു. ഹൈഡ്രാളിക് ലിഫ്റ്റും ഒഴിവാക്കിയേക്കാനാണ് സാധ്യത. ഇക്കാര്യം കോർപ്പറേഷൻ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഏത് ഡിപ്പോയിലേക്കാണ് ബസ് എത്തുന്നതെന്നോ ഏത് സർവീസിലാണ് ഓടുന്നതെന്നോ എന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.

ട്രേഡ് യൂണിയൻ യോഗം ചേർന്ന് പ്രമേയം പാസാക്കി; ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

നിലമ്പൂരിൽ കാട്ടാന ആക്രമണം ;അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. ഷഹീനും മുസമ്മിലും ദമ്പതികൾ, മൊഴി പുറത്ത്

ഇമ്രാൻഖാൻ ആരോഗ്യവാൻ ; അഭ്യൂഹങ്ങളെ തള്ളി അദിയാല ജയിൽ അധികൃതർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ എഐസിസിക്ക് പരാതി; ഇരകളെ നേരിൽ കണ്ട് പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യം