കണ്ണൂർ: പി.പി. ദിവ്യക്കെതിരേ ആരോപണവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമാസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ദിവ്യ ജില്ലാ നിർമിതി കേന്ദ്രയ്ക്ക് 10.47 കോടി രൂപയുടെ നിർമാണ കരാറുകൾ നേരിട്ടു നൽകിയിട്ടുണ്ടെന്നാണ് ഷമാസ് ആരോപിക്കുന്നത്.
ജില്ലാ കലക്റ്റർ ചെയർമാനും പി.പി. ദിവ്യ ഗവേണിങ് ബോഡി അംഗവുമായ ജില്ലാ നിർമിതി കേന്ദ്രയ്ക്കാണ് കോടികളുടെ കരാർ പ്രവൃത്തികൾ നേരിട്ട് ലഭിച്ചത്.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ നടന്ന പ്രവൃത്തികളിൽ ഏറ്റവും കൂടുതൽ തുകയുടെ കരാർ നിർമിതി കേന്ദ്രയ്ക്ക് ലഭിച്ചത് അരുൺ കെ. വിജയൻ ജില്ലാ കലക്റ്ററായിരുന്ന കാലയളവിലാണെന്നും, കലക്റ്ററുടെ ഇടപെടലുകളിൽ സംശയം ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും മുഹമ്മദ് ഷമാസ് പറഞ്ഞു. പി.പി. ദിവ്യയ്ക്ക് വേണ്ടി കലക്റ്റർ വഴിവിട്ട് സഹായം ചെയ്തോ എന്നും ദിവ്യയുടെ ബിനാമി ഇടപാടുകൾക്ക് കൂട്ടുനിന്നോ എന്നുള്ളതും അന്വേഷിക്കണമെന്നും ഷമാസ് ആവശ്യപ്പെട്ടു.
ദിവ്യയുടെ ബിനാമി കമ്പനിയായ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡിന് ആദ്യ പ്രവൃത്തിയായ പടിയൂർ എബിസി. കേന്ദ്രത്തിന്‍റെ നിർമാണ കരാർ ലഭിച്ചത് ജില്ലാ നിർമിതി കേന്ദ്ര വഴിയാണെന്നും ഷമാസ് ആരോപിച്ചു.