വി. ശിവൻകുട്ടി

 
Kerala

കെടെറ്റ്, ഭിന്നശേഷി നിയമനം: ഇളവ്, സമാശ്വാസം, മാനെജ്മെന്‍റുകൾക്ക് വഴങ്ങി സർക്കാർ

വിധി പ്രകാരം കെ ടെറ്റ് പാസാകാന്‍ രണ്ടു വര്‍ഷം സാവകാശം അനുവദിക്കുന്നുണ്ട്.

MV Desk

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ അധ്യാപക നിയമനത്തിൽ എയ്ഡഡ് മാനെജ്മെന്‍റുകളുടെ ആവശ്യങ്ങൾ പരിഗണിച്ച് സർക്കാരിന്‍റെ തിരക്കിട്ട നീക്കം. കെ ടെറ്റ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിയിൽ സാധ്യമായ ഇളവ് നൽകുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസിനു സുപ്രീം കോടതിയിൽ നിന്നു ലഭിച്ച ഇളവ് മറ്റു മാനെജ്മെന്‍റുകൾക്കൂ കൂടി ബാധകമാക്കാനും സർക്കാർ തീരുമാനിച്ചു. ഇക്കാര്യത്തിൽ ക്രൈസ്തവ സഭ തെരുവിലേക്കു പ്രതിഷേധം വ്യാപിപ്പിച്ചതോടെയാണു സർക്കാരിന്‍റെ സമാശ്വാസ നീക്കം.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നേടുന്ന അധ്യാപകര്‍ രണ്ടു വര്‍ഷത്തിനുളളില്‍ കെ ടെറ്റ് നേടിയാല്‍ മതിയെന്നാണ് ഇന്നലെ മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം. കെ ടെറ്റ് പാസാകാത്തവരുടെ ശമ്പളം തടഞ്ഞുവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി സംവരണത്തില്‍ നിയമന നടപടി രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവും ഇറക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാണ്. പെട്ടെന്നൊരു മാറ്റം അധ്യാപകരെ ബാധിക്കുമെന്നതിനാല്‍ 2012നു നിയമിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതി ഇളവുകൾ തള്ളുകയും കെ-ടെറ്റ് ഇല്ലാത്തവരെ സര്‍വീസില്‍ നിന്ന് നീക്കാൻ ഉത്തരവിടുകയും ചെയ്തു.

20000ഓളം അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നതാണു വിധിയെന്നും ഉത്തരവ് നടപ്പാക്കിക്കൊണ്ടു തന്നെ അധ്യാപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വഴി കണ്ടെത്തിയിരിക്കുകയാണെന്നും മന്ത്രി. വിധി പ്രകാരം കെ ടെറ്റ് പാസാകാന്‍ രണ്ടു വര്‍ഷം സാവകാശം അനുവദിക്കുന്നുണ്ട്. ആ സമയം വരെ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിനാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് നേടണം എന്ന വ്യവസ്ഥയില്‍, 2025 സെപ്റ്റംബര്‍ ഒന്നിനു മുന്‍പ് നിയമനം ലഭിച്ചവരും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എം.ഫില്‍, പിഎച്ച്ഡി എന്നിവ ഉള്ളവരുമായ എല്ലാവര്‍ക്കും ശമ്പള സ്‌കെയിലില്‍ താത്കാലിക അംഗീകാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അഡ്വക്കെറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയതിനുശേഷം തീരുമാനമെടുക്കും.

ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാന‌െജ്‌മെന്‍റുകള്‍ക്കും ബാധകമാക്കും. ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചു. സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൃത്യമാക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡിലെ ചെറിയ തെറ്റുകള്‍ മൂലമോ അപേക്ഷ നല്‍കിയിട്ടും കാര്‍ഡ് ലഭിക്കാത്തത് മൂലമോ ചില കുട്ടികളെ എണ്ണത്തില്‍ ഉള്‍പ്പെടുത്താതെ വന്നു. ഇത് തസ്തിക നഷ്ടത്തിനിടയാക്കി. ഈ സാഹചര്യത്തിൽ 2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച കുട്ടികളെയും തെറ്റുകള്‍ തിരുത്താന്‍ അപേക്ഷിച്ചവരെയും പരിഗണിച്ച് തസ്തിക പുനര്‍നിര്‍ണ്ണയിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഇതിലൂടെ പുറത്തുപോയ പല അധ്യാപകരെയും തിരിച്ചെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്