തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ച് വനിതാ പ്രതിനിധി. തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിലായിരുന്നു വിമർശനം. ഗോവിന്ദൻ മാഷിന്‍റെ വൈരുധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകണമെന്നായിരുന്നു വനിതാ പ്രതിനിധി തമാശ രൂപേണ വിമർശിച്ചത്. പൊലീസിനെ വിമർശിക്കുന്നതിനിടെയാണ് വനിതാ പ്രതിനിധി പാർട്ടി സെക്രട്ടറിയുടെ ശൈലിയെ വിമർശിച്ചത്.
പൊലീസ് സ്റ്റേഷനിൽ ഇരകൾക്ക് നീതി ലഭിക്കുന്നില്ലെന്നും വനിതാ പ്രതിനിധി കുറ്റപ്പെടുത്തി. പാർട്ടി നേതാക്കൾക്ക് പോലും നീതി ലഭിക്കുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള കേസുകളിൽ നടപടിയില്ല. പാർട്ടിയിൽ വനിതാ പ്രാതിനിധ‍്യമില്ല. വനിതകൾ പാർട്ടി പതവികളിൽ തഴയപ്പെടുന്നു. പാർട്ടി പദവികളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജവമുണ്ടോയെന്നും വനിതാ പ്രതിനിധി ചോദിച്ചു.