യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ രക്ഷിക്കാൻ ഇനിയും നേരിയ സാധ്യത ശേഷിക്കുന്നതായി നിയമ വിദഗ്ധർ. രാജ്യത്തിന്‍റെ പ്രസിഡന്‍റ് വധശിക്ഷ ശരിവച്ചതോടെ ഒരു മാസത്തിനുള്ളിൽ ശിക്ഷ നടപ്പാക്കാം. എന്നാൽ, ഇന്ത്യ സർക്കാർ തലത്തിൽ നടത്തുന്ന ഇടപെടലുകളിലൂടെ ഇത് കുറച്ചുകൂടി വൈകിക്കാൻ സാധിച്ചാൽ, കൊല്ലപ്പെട്ട തലാൽ അബ്ദോ മെഹ്ദിയുടെ കുടുംബവുമായി വീണ്ടും ചർച്ചയ്ക്ക് സാഹചര്യം ഒരുക്കാൻ സാവകാശം കിട്ടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ, സാധ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനത്തിലാണ് ഇനി കുടുംബത്തിന്‍റെ പ്രതീക്ഷ.
കൊലപാതക കേസുകളിൽ പ്രതിക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അവകാശം നൽകുന്ന വ്യവസ്ഥയാണ് നിമിഷ പ്രിയയുടെ കുടുംബവും അഭിഭാഷകരും ഉപയോഗിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, മാപ്പ് കിട്ടണമെങ്കിൽ അവർ ആവശ്യപ്പെടുന്ന തുക 'ബ്ലഡ് മണി' എന്ന രീതിയിൽ നൽകണം.
ഇതിനു വേണ്ടിയുള്ള ചർച്ച തുടങ്ങാൻ മാത്രം കുടുംബം 40,000 യുഎസ് ഡോളർ നേരത്തെ നൽകിയിരുന്നു. എന്നാൽ, ഇനിയും നാല് ലക്ഷം ഡോളർ കൂടി നൽകിയാലേ എന്തെങ്കിലും സാധ്യതയുള്ളൂ എന്നാണ് സൂചന. 2020ൽ രൂപീകരിക്കപ്പെട്ട 'സേവ് നിമിഷ പ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ' ധന സമാഹരണത്തിനു ശ്രമം തുടരുകയാണ്.