വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അല്ലാതൊരു മുഖ്യമന്ത്രി?
MV Graphics
തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ് ആശയക്കുഴപ്പത്തിൽ. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവർ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമ്പോൾ, ഒത്തുതീർപ്പ് സ്ഥാനാർഥിയായി മറ്റൊരു മുതിർന്ന നേതാവിനെ പരിഗണിക്കുന്ന നീക്കം ശക്തമാകുന്നു. ഹൈക്കമാൻഡ് ഡൽഹിയിലേക്ക് മുതിർന്ന നേതാക്കളെ വിളിപ്പിച്ച് സമവായ ശ്രമം തുടരുന്നു.
പ്രത്യേക ലേഖകൻ
തെരഞ്ഞെടുപ്പു ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാതെ കോൺഗ്രസ് ഇപ്പോഴും ചർച്ചകളിൽ. കൂടുതൽ ചര്‍ച്ചയ്ക്കും സമവായത്തിനും കേരളത്തിലെ മുതിര്‍ന്ന നേതാക്കളെയെല്ലാം ഹൈക്കമാന്‍ഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു.
രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും വി.ഡി. സതീശനും വിട്ടുവീഴ്ചയില്ലാതെ മുഖ്യമന്ത്രി സ്ഥാനത്തിനായി നിലകൊള്ളുകയും സമവായ ഫോര്‍മുലകൾ ഫലിക്കാതാകുകയും ചെയ്ത സാഹചര്യത്തിലാണു പുതിയ നീക്കം. മൂവരും അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ, ഒത്തുതീർപ്പ് സ്ഥാനാർഥി എന്ന നിലയിൽ മറ്റൊരു മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൊണ്ടുവരുന്നതും ആലോചനയിലുണ്ടെന്ന് സൂചന.
തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ സീനിയറായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി മുന്‍ അധ്യക്ഷരായ വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, കെ. സുധാകരന്‍, കെ. മുരളീധരന്‍, കെപിസിസി വർക്കിങ് പ്രസിഡന്‍റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവരെയും ഡൽഹിയിലേക്കു വിളിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായ എ.കെ. ആന്‍റണിയാണ് പുതിയ നീക്കത്തിനു പിന്നിൽ.
അടുത്ത റൗണ്ട് ചർച്ചകൾ ചൊവ്വാഴ്ച ചര്‍ച്ച നടക്കും. അതേസമയം, പൊതുവികാരം വിലയിരുത്തി റിപ്പോർട്ട് നൽകാൻ എഐസിസി നിയോഗിച്ച മൂന്ന് രഹസ്യ നിരീക്ഷകർ കേരളത്തിലേക്കും വരുന്നുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നു പറഞ്ഞ ശേഷം മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് കാണുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഒറ്റ പേരിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യം ഇപ്പോഴും തുടരുന്നു എന്നാണ് ഇതിന്‍റെ സൂചന. വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ചകള്‍ നടത്തിയെന്നും അറിയുന്നു.
ഏഴു ദിവസമായി എംഎല്‍എമാരുടെ തലയെണ്ണുകയും എംപിമാരുടെയും ഘടകകക്ഷി നേതാക്കളുടെയും ഉള്‍പ്പെടെ അഭിപ്രായം കേള്‍ക്കുകയും നിരീക്ഷകരുടെ റിപ്പോര്‍ട്ട് ലഭിക്കുകയും ചെന്നിത്തല, വേണുഗോപാല്‍, സതീശന്‍ എന്നിവരുമായി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടും മുഖ്യമന്ത്രിയെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെപിസിസി മുന്‍ പ്രസിഡന്‍റുമാരെ വിളിച്ച് എന്തഭിപ്രായമാണ് തേടാന്‍ പോകുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
മുഖ്യമന്ത്രി, ഉപ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വീതം വച്ച് പ്രശ്‌നം അവസാനിപ്പിക്കുക എന്ന ഫോര്‍മുലയുടെ ഭാഗമായി അന്തരീക്ഷം തണുപ്പിക്കുകയെന്നതാണ് പുതിയ നീക്കത്തിന്‍റെ ലക്ഷ്യമെന്നും പറയുന്നു.