തിരുവനന്തപുരം: ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 114 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയിരിക്കുന്നത്. വോട്ടെണ്ണല്‍ നാളെ നടത്തുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടമുള്ളത്.
14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാർഡിലും 5 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 3 മുനിസിപ്പാലിറ്റി വാർഡുകളിലും 24 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനായി ആകെ 192 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കും. പാലക്കാട് വാണിയംകുളമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷൻ.