പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തു
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്കു വേണ്ടിയാണ് ഇവർ കെണിയൊരുക്കിയതെന്നാണ് വിവരം.
ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാർ പറയുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ശനിയാഴ്ച രാത്രി നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച കെണിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. സംഭവത്തിൽ അനന്തുവിനു പുറമേ മറ്റ് 2 പേർക്കു കൂടി പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.